തൃശൂർ: ശ്രീകേരളവർമ കോളജിൽ അധ്യാപക നിയമനത്തെച്ചൊല്ലി സംഘർഷം. അധ്യാപകർ തമ്മിൽ കൈയാങ്കളി.
ഇന്റർവ്യൂ ബോർഡ് അംഗമായ അധ്യാപികയെ കൈയേറ്റം ചെയ്തു. പരിക്കേറ്റ വനിതാ അധ്യാപിക ചികിത്സ തേടി. ദേവസ്വം ബോർഡ് മെമ്പറുടെ ആത്മഹത്യയും വിവാദമാകുന്നു.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള കോളജിൽ വൻ തുക കോഴ വാങ്ങി അധ്യാപകരെ നിയമിക്കുന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു. പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് വനിതാ അധ്യാപികക്ക് നേരെയുള്ള കൈയാങ്കളിയിലെത്തിയത്.
റാങ്ക് ലിസ്റ്റിൽ ഒന്നാമനായയാളെ മറികടന്ന് സിപിഎം നിർദേശപ്രകാരം മറ്റൊരാളെ നിയമിക്കാനാണ് നീക്കം നടക്കുന്നതെന്ന് പറയുന്നു. ഒന്നാം റാങ്കുകാരനോട് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഫോൺ വഴി ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. ഇന്നലെ ഇതേച്ചൊല്ലി അധ്യാപകർ തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും സിപിഎം അനുകൂലികളായ ചില അധ്യാപകർ ഒന്നാം റാങ്കുകാരന് വേണ്ടി വാദിച്ച അധ്യാപികയെ ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ അധ്യാപിക തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ഇതിനിടെ കെമിസ്ട്രി വിഭാഗത്തിലെ നിയമനവുമായി ബന്ധപ്പെട്ടും വൻ വിവാദമാണ് ഉയരുന്നത്. പുതുതായി നിയമിക്കപ്പെട്ട അധ്യാപകന് ജോലി ഉറപ്പാകണമെങ്കിൽ കടമ്പകളേറെ. നിലവിൽ കെമിസ്ട്രി വിഭാഗം മേധാവിയായിരുന്ന ഡോ. ശോഭയെ ദേവസ്വം ബോർഡിന്റെ കീഴിലെ വിവേകാനന്ദ കോളേജിൽ പ്രിൻസിപ്പലായി നിയമിച്ചിരുന്നു. സീനിയോറിട്ടി പ്രകാരം കേരളവർമ്മയിൽ ഡോ. ശോഭയെ പ്രിൻസിപ്പലാക്കേണ്ടതായിരുന്നു. ഇതൊഴിവാക്കാനാണ് ഡോ. ശോഭയെ ജൂനിയർ കോളജായ വിവേകാനന്ദയിലേക്ക് മാറ്റിയത്. കേരളവർമ്മയിൽ പാർട്ടിക്കാരനായ പ്രിൻസിപ്പലിനെ നിയമിക്കുകയും ചെയ്തു.
ഇപ്പോൾ കെമിസ്ട്രിയിൽ നിന്ന് മറ്റൊരാളെക്കൂടി വിവേകാനന്ദയിലേക്ക് മാറ്റിയാലേ പുതുതായി നിയമിച്ച അധ്യാപകന് നിയമന സാധുത ലഭിക്കുകയുള്ളൂ. അങ്ങനെ ചെയ്യണമെങ്കിൽ വിവേകാനന്ദയിൽ കെമിസ്ട്രി മെയിനിലില്ലാത്തതിനാൽ ഡോ. ശോഭയെ തിരികെ കേരളവർമ്മയിലേക്ക് മാറ്റണം. സീനിയോറിട്ടി പരിഗണിച്ച് അവരെ കേരളവർമ്മയിൽ പ്രിൻസിപ്പലാക്കുകയും വേണം. വൻതുക കോഴ വാങ്ങി അധ്യാപക നിയമനം നടത്തുന്നതു കൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അധ്യാപക നിയമനത്തിന് വൻ തുക കോഴ വാങ്ങിയെന്ന പരാതി ഉയർന്നതിനെത്തുടർന്ന് കൊച്ചിൻ ദേവസ്വം ബോർഡ് അംഗമായിരുന്ന സിപിഐ നേതാവ് എം.ജി. നാരായണൻ ഇക്കഴിഞ്ഞ ആഗസ്ത് 22 ന് ആത്മഹത്യ ചെയ്തിരുന്നു. നാരായണൻ നിർദേശിച്ചവർക്ക് ജോലി ലഭിക്കാതായതോടെ പണം നല്കിയവർ സമ്മർദ്ദം ചെലുത്തിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പുറത്തുവന്ന വിവരം. പണം നല്കിയവർ സിപിഐ നേതൃത്വത്തെ സമീപിച്ചെങ്കിലും അവരും കൈയൊഴിഞ്ഞു. നാല് ഒഴിവുകളുടെ പേരിൽ ഒട്ടേറെപ്പേരുടെ കയ്യിൽ നിന്ന് വൻ തുക പിരിച്ചെടുത്തിട്ടുണ്ട്. നിയമനം ലഭിക്കാത്തവർക്ക് തുക മടക്കി നല്കാമെന്നാണത്രെ കരാർ.