മണ്ണാർക്കാട്: മാനദണ്ഡങ്ങൾ അട്ടിമറിച്ച് സിപിഎം നേതാവിന് ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ച് മണ്ണാർക്കാട് നഗരസഭ. കൺസ്യൂമർ ഫെഡിൽ സ്റ്റോർ മാനേജറും സിപിഎം ലോക്കൽ സെക്രട്ടറിയുമായ ജയരാജിനാണ് മണ്ണാർക്കാട് നഗരസഭ ചട്ടങ്ങൾ മറികടന്ന് വീട് അനുവദിച്ചത്.
നഗരസഭാ പരിധിയിൽ 500 ലേറെ നിർധന കുടുംബങ്ങൾ വീടിനായി കാത്തിരിക്കുമ്പോഴാണ് സർക്കാർ ഉദ്യോഗസ്ഥന് രാഷ്ട്രീയ സ്വാധീനത്തിന്റെ തണലിൽ നഗരസഭ വീട് അനുവദിച്ചത്. നടപടിക്കെതിരെ സിപിഎമ്മിനുള്ളിലും പ്രതിഷേധം ഉയർന്നു കഴിഞ്ഞു. സി പി എം ബ്രാഞ്ച് അംഗമടക്കം പാർട്ടി വിട്ട് പരാതിയുമായി രംഗത്തെത്തിയിരുന്നു.
സർക്കാർ/ അർദ്ധ സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലിക്കാരോ ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് പെൻഷൻ പറ്റുന്നവർ അംഗങ്ങളുള്ള കുടുംബമോ ലൈഫ് പദ്ധതി വഴി വീട് ലഭിക്കുന്നതിന് അർഹരല്ല. കുടുംബ വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ കൂടാനും പാടില്ല. അതായത് തീർത്തും ദരിദ്രരായ ഭവന രഹിതർക്കാണ് ലൈഫ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഈ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണ് മണ്ണാർക്കാട് സി പി എം ലോക്കൽ സെക്രട്ടറി ജയരാജിന് ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ചത്. ആറ് മാസം മുമ്പാണ് ജയരാജ് ലൈഫ് പദ്ധതതി പ്രകാരം വീട് പണിതത്.
കൺസ്യൂമർ ഫെഡിൽ കഴിഞ്ഞ 10 വർഷമായി സ്ഥിരം ജീവനക്കാരനാണ് ജയരാജ്. ഭാര്യ രജിത കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ക്രഡിറ്റ് സൊസൈറ്റിയിലെ താത്കാലിക ജീവനക്കാരിയാണ്. ഇരുവരുടെയും വാർഷിക വരുമാനം മൂന്ന് ലക്ഷത്തിനു മേലെയെന്ന് വ്യക്തം. എന്നാൽ ഇതൊന്നും എൽ സി സെക്രട്ടറിക്ക് വീട് ലഭിക്കുന്നതിന് തടസമായില്ല. ജയരാജിന് അമ്മയിൽ നിന്ന് ഇഷ്ടദാനമായി കിട്ടിയ അഞ്ച് സെൻറ് ഭൂമിയിലാണ് ലൈഫ് പദ്ധതി പ്രകാരം വീട് നിർമ്മിച്ചത്. 700 സ്ക്വയർഫീറ്റിൽ ഏറെയാണ് വീടിൻറെ വിസ്തീർണം.
മണ്ണാർക്കാട് നഗരസഭാ പരിധിയിലാണ് 2019 -20 വാർഷിക പദ്ധതിയിൽ പെടുത്തി എൽസി സെക്രട്ടറിയുടെ ഭാര്യയുടെ പേരിൽ വീടിന് പണം അനുവദിച്ചത്. സ്ഥിരവരുമാനമുള്ള ജയരാജ് സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്ന നിലയ്ക്കുള്ള സ്വാധീനം ഉപയോഗിച്ചാണ് ആനുകൂല്യം നേടിയെടുത്തതെന്നാണ് പരാതി. ഈ പ്രശ്നം ഉന്നയിച്ച് സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗം ഷെഫീഖ് ഉൾപ്പെടെ നിരവധി പേർ പാർട്ടി വിട്ടു.
മണ്ണാർക്കാട് നഗരസഭയിൽ മാത്രം ഭവനരഹിതരായ 516കുടുംബങളാണ് ലൈഫ് പദ്ധതിയിൽ അക്ഷേ നൽകി കാത്തിരിക്കുന്നത്. അർഹരായ നിരവധി കുടുംബംങ്ങളെ സാങ്കേതിക കാരണകൾ പറഞ്ഞ് മാറ്റി നിർത്തിയാണ് ചട്ടം ലംഘിച്ച് എൽസി സെക്രട്ടറിയ്ക്ക് വീടിന് പണം അനുവദിച്ചത്. വീട് അനുവദിച്ചതായി സമ്മതിച്ച മുൻസിപ്പൽ സെക്രട്ടറി, ചട്ടലംഘനമുണ്ടായോയെന്ന് പരിശോധിച്ച് വരികയാണെന്ന് അറിയിച്ചു. അതീവ ദരിദ്രരായ സി പി എം പ്രവർത്തകൾ ഉൾപ്പെടെ നിരവധി പേർ ലൈഫ് പദ്ധതി പ്രകാരം വീടിനായി കാത്തിരിക്കുമ്പോഴാണ് ഈ ക്രമക്കേട്. ഇതിലുള്ള അമർഷം താഴെത്തട്ടിലുള്ള സി പി എം നേതാക്കൾ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.