കൊച്ചി: എറണാകുളം കാഞ്ഞൂരിലെ പാഴൂർ പാടശേഖത്തിലൂടെ ഒഴുകുന്ന തോട്ടിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി.
വയലിലെ അമിത കീടനാശിനിയാണ് മീനുകൾ ചാവാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
കഴിഞ്ഞ ദിവസം പാടത്ത് കർഷകർ കീടനാശിനി തളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മീനുകൾ ചത്ത് പൊങ്ങിയത്. കൂടിയ അളവിൽ കീടനാശിനി തളിച്ചതാണ് തോട്ടിലെ മത്സ്യങ്ങൾ ചത്ത് പൊങ്ങാൻ കാരണമെന്നാരോപിച്ച് നാട്ടുകാർ പാടത്ത് പ്രതിഷേധിച്ചു.
കുളിക്കാനും മറ്റുമായി നിരവധി പേരാണ് ദിവസവും ഈ തോടിനെ ആശ്രയിക്കുന്നത്. സമീപ പ്രദശങ്ങളിലെ കർഷകരും കൃഷിക്ക് ഉപയോഗിക്കുന്നത് ഈ തോട്ടിലെ വെളളമാണ്. മത്സ്യങ്ങൾ ചത്ത് പൊങ്ങിയതോടെ തോട്ടിലെ വെളളം ഇനി ഉപയോഗിക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
അമ്പതിലേറെ കുടുംബങ്ങൾ പലരീതിയിൽ തോടിനെ ആശ്രയിക്കുന്നുണ്ട്. തോട്ടിലെ വെള്ളം ഉറവയായി സമീപ പ്രദേശങ്ങളിലെ കിണറുകളിൽ ഈ വിഷം വലർന്ന വെള്ളമെത്തുമോ എന്ന ഭയവും നാട്ടുകാർക്കുണ്ട്. അധികൃതർ തോട്ടിലെ വെളളം പരിശോധിച്ച് സുരക്ഷിത്വം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.