അച്ഛനെയും മകളെയും മർദിച്ച് കെഎസ്ആർടിസി ജീവനക്കാർ

Advertisement

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മകളുടെ കൺസഷൻ ടിക്കറ്റ് എടുക്കാൻ വന്ന പിതാവിനെ മകളുടെ മുന്നിലിട്ട് ജീവനക്കാർ മർദിച്ചു. പഞ്ചായത്ത് ജീവനക്കാരനായ കാട്ടാക്കട ആമച്ചൽ സ്വദേശി പ്രേമനെയാണ് മർദിച്ചത്.

പ്രേമന്റെ മകൾ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്. മകളും സുഹൃത്തും പ്രേമനൊപ്പമുണ്ടായിരുന്നു. കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് കൗണ്ടറിൽ ഇരുന്ന ജീവനക്കാരൻ ആവശ്യപ്പെട്ടു. കോഴ്സ് സർട്ടിഫിക്കറ്റ് നേരത്തെ നൽകിയതാണെന്ന് പ്രേമൻ പറഞ്ഞു. എന്നാൽ, കോഴ്സ് സർട്ടിഫിക്കറ്റ് വീണ്ടും നൽകാതെ കൺസഷൻ തരാൻ കഴിയില്ലെന്ന് ജീവനക്കാരൻ പറഞ്ഞു.

ആളുകളെ എന്തിനാണ് വെറുതേ ബുദ്ധിമുട്ടിക്കുന്നതെന്നും കെഎസ്ആർടിസി ഇങ്ങനെയാകാൻ കാരണം ഇത്തരം പ്രവൃത്തികളാണെന്നും പ്രേമൻ പറഞ്ഞതോടെ തർക്കമായി. തുടർന്ന് ജീവനക്കാരനും സുരക്ഷാ ഉദ്യോഗസ്ഥനും പ്രേമനെ വലിച്ചുകൊണ്ടുപോയി തൊട്ടടുത്തുള്ള മുറിയിലിട്ട് മർദിക്കുകയായിരുന്നു. പ്രേമൻ കാട്ടാക്കട സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്.

Advertisement