കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്റെ വീട്ടിൽനിന്ന് ചാരായം പിടികൂടി

Advertisement

ചാലക്കുടി: കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻറെ വീട്ടിൽനിന്ന് ചാരായം പിടികൂടി. മേലൂർ കെ.എസ്.ഇ.ബിയിലെ അസി. കാഷ്യർ കാടുകുറ്റി അന്നനാട് കോലോത്തു പാറപ്പുറം ചാട്ടുമൂല വീട്ടിൽ സുകുമാരന്റെ വീട്ടിൽ നിന്നാണ് ചാരായം പിടികൂടിയത്.

15 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് ചാലക്കുടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിജുദാസും സംഘവും ചേർന്ന് പിടികൂടിയത്.

നേരത്തെ ഇയാൾക്കെതിരെ പൊലീസിൽ ചാരായ കേസ് ഉണ്ടായിരുന്നു. വീടിന്റെ അടുക്കളയിൽനിന്നാണ് ചാരായവും വാഷും കണ്ടെടുത്തത്.

എക്‌സൈസ് സംഘം വീട്ടിൽ കയറി എന്ന വിവരം അറിഞ്ഞ സുകുമാരൻ ജോലി ചെയ്തിരുന്ന ഓഫിസിൽനിന്ന് ഇറങ്ങിപ്പോയതിനാൽ പിടികൂടാൻ സാധിച്ചില്ല. വിശേഷങ്ങൾക്കും കല്യാണത്തിനും മാത്രം ഓർഡർ എടുത്തു എത്തിച്ചുകൊടുക്കുന്നതാണ് ഇയാളുടെ രീതി. ഒരു ലിറ്റർ ചാരായത്തിന് 1000 രൂപ ഈടാക്കിയാണ് വിൽപന നടത്തിയിരുന്നത്.

പ്രിവന്റിവ് ഓഫിസർമാരായ സതീഷ്‌ കുമാർ, പ്രിൻസ്, കൃഷ്ണപ്രസാദ്‌, വനിത സിവിൽ എക്‌സൈസ് ഓഫിസർമാരായ സിജി, നിമ്യ, ഡ്രൈവർ ഷൈജു എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Advertisement