സുഗതന്‍ ശൂരനാട്
ഒരു വ്യക്തിയെ സമൂഹത്തിനും രാഷ്ട്രത്തിനും ഉപയോഗപ്പെടുന്ന തരത്തിൽ അവനെ വളർത്തിയെ ടുക്കുക എന്നതാണ് വിദ്യാഭ്യാസം കൊണ്ടുദേശിക്കുന്നത്.അതിനാ യി പാഠപുസ്തകങ്ങൾക്കും അപ്പുറമുള്ള അറിവുകൾ പകർന്നു നൽകുകയാണ് നമുക്ക് ചെയ്യാൻ കഴിയുന്ന പ്രഥമവും പ്രധാനപ്പെട്ടതുമായ കാര്യം.സ്വന്തം വീട്ടിൽ, പൊതുയിടങ്ങളിൽ വിദ്യാലയങ്ങളിൽ, ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ എങ്ങനെ പെരുമാറണമെന്ന സാമൂഹ്യ ബോധം അവനിലുണ്ടാകണം.
കുട്ടികളിൽ സാമൂഹ്യ അവബോധം ഉളവാക്കുന്ന തരത്തിൽ നിരവധി യൂണിറ്റുകൾ സ്കൂൾ തലത്തിൽ നിലവിലുണ്ടെങ്കിലും അതിൽ ഭൂരിപക്ഷവും ഗ്രേസ് മാർക്കിനോ മറ്റ് താല്പര്യങ്ങളിലൊ അധിഷ്ഠിതമാണ്. ഈ മൊബൈൽ യുഗത്തിൽ പല കുട്ടികളും മൊബൈലിനും മറ്റ് മയക്കു മരുന്നുകൾക്കും വശംവദരായി സ്കൂൾ ജീവിതം തള്ളി നീക്കുമ്പോൾ ഇത്തരം പ്രവർത്തനങ്ങൾ അതിന് ബദലായി മാറുവാനും അതിലൂടെ ഒരു വലിയ ശതമാനം കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുവാനും നമുക്ക് കഴിയണം.
കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധതയും കാരുണ്യവും പാരിസ്ഥിതിക അവബോധവും ജീവിതക്രമവും നിസ്വാർത്ഥ മനോഭാവവും സഹജീവി സ്നേഹവും ഉത്തരവാദിത്വ ബോധവുമൊക്ക പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തോടെ
എൻ സി സി, എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്,നേച്ചർ ക്ലബ്, ഒ ആർ സി തുടങ്ങിയ യൂണിറ്റുകൾ സ്‌കൂളുകളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ഒരു നിശ്ചിത ശതമാനം കുട്ടികളിൽ ഒതുങ്ങി പോവുകയാണ് പതിവ്.പല സ്‌കൂളുകളിലും ഇത് ഒരു വഴിപാട് പോലെ കാട്ടിക്കൂട്ടുകയാണ്. ഈ കാട്ടിക്കൂട്ടലിൽ ഒരു വിഭാഗം സ്കൂൾ അധികൃതർക്കും
അധ്യാപകർക്കും പങ്കുണ്ട്.എന്നാൽ യു പി ക്‌ളാസുമുതൽ എല്ലാ കുട്ടികളൂം ഏതെങ്കിലുമൊക്കെ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന തരത്തിൽ അത് പാഠ്യ പദ്ധതിയുമായി കൂട്ടിചേർക്കണം ഒപ്പം, ചെറു പ്രായത്തിൽ തന്നെ സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യാപൃതരായി ജീവിത വിജയം നേടിയ വ്യക്തികളുടെ അനുഭവകുറിപ്പുകൾ ഉൾപ്പെടുത്താം. ഇത്തരം കഥകൾ കുഞ്ഞു മനസ്സിൽ പതിയാതിരിക്കില്ല .സ്കൂൾ കാലഘട്ടത്തിൽ ലഭിക്കുന്ന ഈ അവസരങ്ങൾ അവരുടെ ഭാവി ജീവിതത്തിന് കരുത്തേകുമെന്ന കാര്യത്തിലും രണ്ടഭിപ്രായമില്ല.