കൊല്ലം : തീരത്ത് എണ്ണ ലഭിക്കാനുള്ള സാധ്യത, പര്യവേഷണത്തിന് നീക്കം. രണ്ട് വര്‍ഷം മുമ്ബ് കൊല്ലം മുതല്‍ ആലപ്പുഴ വരെയുള്ള ഭാഗത്തെ ആഴക്കടലില്‍ ഇന്ധന പര്യവേഷണം നടത്തിയിരുന്നു. ഇപ്പോള്‍ കൊല്ലം മുതല്‍ കന്യാകുമാരി വരെയുള്ള ഭാഗത്താണ് പര്യവേഷണം നടത്തുന്നത്. ഇവിടെ ഇന്ധന സാന്നിദ്ധ്യമുണ്ടെന്ന നിഗമനത്തിലാണ് ഇപ്പോഴത്തെ നീക്കം.
കൊല്ലം തീരത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലില്‍ ഇന്ധന പര്യവേഷണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
ഡല്‍ഹി ആസ്ഥാനമായുള്ള സ്വകാര്യ കമ്ബനിയുടെ നേതൃത്വത്തിലുള്ള പര്യവേഷണം രണ്ട് മാസത്തിനുള്ളില്‍ ആരംഭിച്ചേക്കും. ദ്രവ, വാതക ഇന്ധനങ്ങളുടെ സാന്നിദ്ധ്യം തേടിയാണ് പര്യവേക്ഷണം. കൂറ്റന്‍ കപ്പലുകളും ടഗുകളും ഉപയോഗിച്ച് ഏകദേശം രണ്ട് മാസക്കാലം നീണ്ടുനില്‍ക്കുന്ന പര്യവേഷണമാണ് ലക്ഷ്യമിടുന്നത്. കടലിന്റെ അടിത്തട്ട് കേന്ദ്രീകരിച്ചാണ് പഠനം.
പര്യവേഷണം നടത്തുന്ന കപ്പലിലും ടഗിലും ഇന്ധനം നിറയ്ക്കുന്നത് കൊല്ലം പോര്‍ട്ടിലാണ്. ഇന്ധനം, ജീവനക്കാര്‍ക്കുള്ള ഭക്ഷണം, കുടിവെള്ളം എന്നിവ സംഭരിക്കുന്നത് കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ചായിരിക്കും. പര്യവേഷണത്തിന് നാവികസേനയുടെ പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്. ഇന്ധന സാന്നിദ്ധ്യം സ്ഥിരീകരിച്ചാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയായിരിക്കും ഖനനം ആരംഭിക്കുക. വര്‍ഷങ്ങള്‍ ഖനനം ചെയ്യത്തക്ക തരത്തില്‍ ഇന്ധനമുണ്ടെങ്കിലേ ഖനനത്തിന് സാദ്ധ്യതയുള്ളു. പര്യവേഷണം 20 നോട്ടിക്കല്‍ മൈലിന് പുറത്തായതിനാല്‍ ഖനനം ആരംഭിച്ചാലും മത്സ്യബന്ധനത്തിന് തടസമാകില്ല. വര്‍ഷങ്ങളോളം ഖനനത്തിന് സാദ്ധ്യതയുണ്ടെങ്കില്‍ കൊല്ലം തുറമുഖം കേന്ദ്രീകരിച്ച് ഇന്ധന സംസ്‌കരണ കേന്ദ്രവും ആരംഭിച്ചേക്കും.
പര്യവേക്ഷണത്തില്‍ വേണ്ടത്ര ഇന്ധന സാന്നിദ്ധ്യം കണ്ടെത്തിയാല്‍ കൊല്ലം ജില്ലക്കും പോര്‍ട്ടിനും വന്‍ നേട്ടമായിരിക്കും. കണ്ടെത്തുന്ന ഇന്ധനം ഖനനം ചെയ്ത് സംസ്‌കരണത്തിനായി കൊണ്ടുപോകുന്നത് കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ചായിരിക്കും. ഇത് കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ച് സ്ഥിരം ചരക്ക് നീക്കത്തിന് അവസരം ഒരുക്കും. പോര്‍ട്ട് കേന്ദ്രീകരിച്ച് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ക്കും സാദ്ധ്യതയുണ്ട്.കിട്ടുന്ന ഓയിലിന്‍റെ അളവുപോലെയാണ് കാര്യങ്ങള്‍ ഒരുപക്ഷേ സംസ്കരണം പോലും കൊല്ലത്തു നടന്നേക്കാം അതോടെ കൊല്ലം രാജ്യത്തെത്തന്നെ ശ്രദ്ധേയമായ ഒരു നഗരമായി മാറിയേക്കാം അനേകര്‍ തൊഴില്‍തേടിവരികയും വന്‍ വ്യവസായങ്ങള്‍ ഇടം തേടുകയും ചെയ്യുന്ന മേഖലയാകാം.