വനിതാ ചലച്ചിത്ര പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് 3 കോടി രൂപ നൽകും: മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. വനിതാ ചലച്ചിത്ര പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് മൂന്നു കോടി രൂപ നൽകുമെന്നും ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച വൈകിട്ട് നിശാഗന്ധി ഓ‍‍ഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരാസ്കാരങ്ങൾ സമർപ്പിച്ചു. മലയാള സിനിമ നടത്തുന്നത് പുതിയ പരീക്ഷണമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മലയാള സിനിമ കണ്ടു മടുത്ത കാഴ്ചകൾ ഒഴിവാക്കി പുതിയ പരീക്ഷണങ്ങൾ നടത്തുന്നു. മലയാള സിനിമയുടെ വളർച്ചയ്ക്ക് ചലച്ചിത്ര അവാർഡുകൾ പ്രചോദനമാണ്.

സിനിമ കേവലം ഒരു വിനോദം മാത്രമല്ല, സിനിമ ഉന്നതമായ കലാരൂപമാണ്. സിനിമാ- സങ്കേതിക രംഗത്ത് സ്ത്രീകളുടെ പങ്ക് വർധിച്ചു. അത് ഇനിയും ഉയരണമെന്നും വനിതാ ചലച്ചിത്ര പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് മൂന്നു കോടി രൂപ നൽകുമെന്നും ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. അവാർഡിന് അർഹമായ സിനിമകളെ മുഖ്യമന്ത്രി പ്രശംസിച്ചു.

സർക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതിയായ ജെ.സി.ദാനിയേൽ പുരസ്‌കാരം സംവിധായകൻ കെ.പി.കുമാരനും ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ആജീവനാന്ത പുരസ്‌കാരം മാധ്യമപ്രവർത്തകൻ ശശികുമാറിനും മുഖ്യമന്ത്രി സമ്മാനിച്ചു.
2021ലെ ചലച്ചിത്ര അവാർഡിന്റെ വിശദാംശങ്ങളടങ്ങിയ പുസ്തകം മന്ത്രി വി. ശിവൻകുട്ടി, മന്ത്രി ആന്റണി രാജുവിന് നൽകി പ്രകാശിപ്പിച്ചു. ‘മലയാള സിനിമ, നാൾവഴികൾ’ റഫറൻസ് ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ്‌ മന്ത്രി ജി.ആർ.അനിൽ, വി.കെ.പ്രശാന്ത് എംഎൽഎയ്ക്ക് നൽകി പ്രകാശനം ചെയ്തു.