തിരുവനന്തപുരം: സിപിഐ 24-ാം പാർട്ടി കോൺഗ്രസിൻറെ ഭാഗമായുള്ള സംസ്ഥാന സമ്മേളനം ഈ മാസം 30നു തുടങ്ങി അടുത്ത മാസം മൂന്നിന് അവസാനിക്കുമെന്നു പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു.
സമ്മേളനത്തിൻറെ ഭാഗമായി ഇന്നു കിഴക്കേകോട്ട ഗാന്ധിപാർക്കിൽ ചേരുന്ന സാംസ്കാരികോത്സവത്തിൽ വർഗീയ ഫാസിസത്തിനെതിരേ യുവജന വിദ്യാർഥി കൂട്ടായ്മ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യൻ രവിന്ദ്രൻ ഉദ്ഘാടനം ചെയ്യും.
വ്യാഴാഴ്ച ഗാന്ധിപാർക്കിൽ ചേരുന്ന സാംസ്കാരിക സമ്മേളനം ശ്രീകുമാരൻ തമ്പിയും ഒന്നിനു ചേരുന്ന പ്രതിനിധി സമ്മേളനം പാർട്ടി ദേശീയ സെക്രട്ടറി ഡി.രാജയും പൊതുസമ്മേളനം കാനം രാജേന്ദ്രനും ഉദ്ഘാടനം ചെയ്യും.
സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല. കാനവുമായുള്ള അഭിപ്രായവ്യത്യാസമാണു ആനി രാജ സമ്മേളനത്തിൽ പങ്കെടുക്കാത്തതിനു കാരണമെന്നാണു വിവരം.
സ്വാഭാവികമായും സമ്മേളനവുമായി ബന്ധപ്പെട്ടുള്ള സെമിനാറിലെങ്കിലും അവർ പങ്കെടുക്കേണ്ടതാണ്. കോൺഗ്രസ് നേതാക്കളെയും ഇത്തവണ ഒഴിവാക്കി. സാധാരണയായി സെമിനാറുകളിൽ പ്രതിപക്ഷ നേതാവിനെ വിളിക്കാറുണ്ട്.