കൊച്ചി: ചലച്ചിത്ര സംവിധായകൻ അശോകൻ ( രാമൻ അശോക് കുമാർ ) അന്തരിച്ചു. 60 വയസ്സായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വർക്കല സ്വദേശിയാണ്.
വർണ്ണം, ആചാര്യൻ എന്നിവയാണ് അശോകൻ സംവിധാനം ചെയ്ത സിനിമകൾ. പിന്നീട് സംവിധായകൻ താഹയ്ക്കൊപ്പം ചേർന്ന് അശോകൻ-താഹ കൂട്ടുകെട്ടിൽ സിനിമകൾ സംവിധാനം ചെയ്തു. സാന്ദ്രം, മൂക്കില്ലാരാജ്യത്ത് എന്നീ സിനിമകളാണ് അശോകൻ-താഹ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയത്.
ശശികുമാറിനൊപ്പം നൂറോളം സിനിമകൾക്ക് സഹസംവിധായകനായി പ്രവർത്തിച്ചു. അശോകൻ സംവിധാനം ചെയ്ത കാണാപ്പുറങ്ങൾ എന്ന ടെലിഫിലിമിന്, ആ വർഷത്തെ മികച്ച ടെലിഫിലിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചിരുന്നു.
ഐടി വ്യവസായ സംരംഭകൻ കൂടിയാണ്. വിവാഹശേഷം ബന്ധുക്കൾക്കൊപ്പം സിംഗപ്പൂരിൽ സ്ഥിരതാമസമാക്കിയ അശോകൻ അവിടേക്ക് പ്രവർത്തനകേന്ദ്രം മാറ്റി. സീതയാണ് ഭാര്യ. വിദ്യാർത്ഥിനിയായ അഭിരാമി മകളാണ്.