സുഗതന്‍ ശൂരനാട്
വയൽ വരമ്പിലൂടെയും പറമ്പിലൂടെയും പാടത്തിലൂടെയും കാൽനടയായി സ്കൂളിൽ പോയിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും വീടിന്റെ പടിയിൽ നിന്നും സ്കൂൾ വാനിൽ കയറി പോകുന്ന ഒരു തലമുറയെയാണ് ഇന്ന് നമുക്ക് കാണാൻ കഴിയുന്നത്. പലതും കണ്ടും കേട്ടും അനുഭവിച്ചും വളർന്ന കുട്ടികളായിരുന്നു പണ്ട്. എന്നാൽ ഇന്നവർ എല്ലാ സുഖ സൗകര്യങ്ങളും സാഹചര്യങ്ങളും പുത്തൻ സാങ്കേതിക വിദ്യയിലെ അറിവുകളും മാത്രം അനുഭവിച്ചാണ് വളരുന്നത്.

അതുകൊണ്ട് തന്നെ അവരിൽ ഭൂരിഭാഗവും ജീവിതയാഥാർഥ്യങ്ങൾ അറിയാതെ വളർന്നു വരുന്നവരാണ്. അതുപോലെ തന്നെ ഇപ്പോൾ കേരളത്തിലെ കുട്ടികളിൽ അറുപതു ശതമാനവും പതിനെട്ട് വയസ്സ് പൂർത്തിയാക്കുന്നതിന് മുൻപ് ടൂവീലറോ ഫോർ വീലറോ ഉപയോഗിച്ചു കൊണ്ട് നിരത്തിലിറങ്ങുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ ഭൂരിഭാഗവും രക്ഷിതാക്കളറിയതയാണ് യാത്ര. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇന്ന് പൊതു നിരത്തിൽ ന്യൂ ജനറേഷൻ ബൈക്കുകളുടെ മരണപ്പാച്ചിൽ പൊതു സമൂഹത്തിനു തന്നെ തലവേദന ആയി മാറിയിരിക്കുകയാണ്.
ഈ അടുത്ത കാലത്ത് മധ്യ കേരളത്തിലെ ഒരു സ്കൂളിൽ പത്താംക്‌ളാസിൽ പഠിക്കുന്ന രണ്ട് കുട്ടികൾ സ്ഥിരമായി ബൈക്കിൽ യാത്ര ചെയ്യുന്നതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ , വീട്ടുകാർ അറിഞ്ഞല്ല ബൈക്ക് യാത്ര, അത് ആരുടെ ആണെന്നും അറിയില്ല. പിന്നീട് ആണ് അറിയുന്നത് ഇത് ആരൊ മോഷ്ടിച്ച ബൈക്കാണെന്നും അതിന് ഇന്ധനം നിറക്കുന്നത് കഞ്ചാവ് വിറ്റു കിട്ടുന്ന പണം ഉപയോഗിച്ചാണെന്നും . ഇതാണ് ഇന്നത്തെ അവസ്ഥ.ഗതാഗതനിയമങ്ങൾ കാറ്റിൽ പറത്തിയും ലഹരിയുടെ ഉപയോഗവും വിപണനവും നടത്തിയും പുതുതലമുറ ജീവിതം ആഘോഷിക്കുകയാണ്. ഇതിന് കണിഞ്ഞാണിട്ടില്ലെങ്കിൽ നമ്മുടെ പുതുതലമുറ എവിടെയെത്തി നിൽക്കും.
പൊതു നിരത്തിൽ ഇറങ്ങിയാൽ എങ്ങനെ യാത്ര ചെയ്യണമെന്നെന്നും എങ്ങനെ വാഹനം ഓടിക്കണമെന്നും മറിച്ചായാൽ എന്തെല്ലാം ഭവിഷത്തുകൾ അനുഭവിക്കേണ്ടി വരുമെന്നും ചെറിയ ക്‌ളാസിൽ തന്നെ അവനെ ബോധവൽക്കേണ്ടിയിരിക്കുന്നു.
അതിനായി ഗതാഗത നിയമങ്ങൾ പ്രൈമറി ക്ലാസ് മുതൽ തന്നെ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണം. നിരത്തുകളിൽ യാത്ര ചെയ്യുന്ന ഓരോ വ്യക്തിയുടെയും ജീവന് തന്റെ ജീവന് തുല്യമായ വിലയുണ്ടെന്നും തന്നെ പോലെ മറ്റുള്ളവർക്കും ഒരു ജീവിതം ഉണ്ടെന്നുമുള്ള ബോധം ഇവരിൽ ചെറു പ്രായത്തിൽ തന്നെ ഉണ്ടാക്കിയെടുക്കണം.
ലൈംഗിക വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യത
ജന്റർ ഇക്വാളിറ്റിയുടെ പേരിൽ വലിയ വാഗ്വാദങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയമണല്ലോ. എന്നാൽ അതിന് മുൻപേ സ്കൂൾ തലങ്ങളിൽ നടപ്പാക്കേണ്ട ഒരു സുപ്രധാന വിഷയമാണ് ലൈംഗിക വിദ്യാഭ്യാസം. ഏഴാം ക്ലാസ് മുതലെങ്കിലും ഇത് നമ്മുടെ സ്‌കൂളുകളിൽ നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചെറു പ്രായത്തിൽ തന്നെ ഓരോ കുട്ടിയേയും “ഗുഡ് ടച്ചും ബാഡ് ടച്ചും ( നല്ല സ്പർശനവും മോശ സ്പർശനവും ) എന്താണെന്ന് അവരെ ബോധ്യപ്പെടുത്താൻ കഴിയണം ഒപ്പം നോ പറയാനും “.
സംസ്ഥാനത്ത് കൂടി വരുന്ന ലൈംഗിക അതിക്രമങ്ങൾ ചൂണ്ടി കാട്ടി കഴിഞ്ഞ ദിവസം ഹൈകോടതി തന്നെ അഭിപ്രായപ്പെട്ടത് ലൈംഗികാതിക്രമം തടയാനുള്ള കർമപദ്ധതി സിലബസിൽ ഉൾപ്പെടുത്തണമെന്നാണ്. ഓരോ പ്രായത്തിലും ലൈംഗികതയെ കുറിച്ച് അവർ ആർജിക്കേണ്ട അറിവനുസരിച്ച് വേണം ഇത് നടപ്പാക്കാൻ. ഈ അടുത്ത കാലത്ത് പതിനെട്ടു വയസിൽ താഴെയുള്ള കുട്ടികൾ ലൈംഗിക അതിക്രമങ്ങൾക്ക് കൂടുതലായും വിധേയരാകുന്നുവെന്നത് ഞെട്ടലുള്ളവാക്കുന്നതാണ്. ഇതിനാണ് തടയിടെണ്ടത്.

ലൈംഗികത പ്രകൃതിയുടെ നിലനിൽപ്പിന്റെ അവിഭാജ്യ ഘടകമാണെന്നും എല്ലാ ജീവജാലങ്ങളും അത് നിറവേറ്റുന്നുണ്ടെന്നും കുഞ്ഞു പ്രായത്തിൽ തന്നെ അവരെ ബോധ്യപ്പെടുത്തുവാൻ കഴിയണം. അതിലൂടെ പീഡനം ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ നിന്നും മാറി ചിന്തിക്കാനും എതിർ ലിംഗത്തിലുള്ളവരെ ബഹുമാനിക്കാനും കുട്ടികൾ ശീലിക്കും. കാരണം ഈ കാലഘട്ടത്തിൽ നമ്മുടെ കുട്ടികൾ എല്ലാ അറിവുകളും സ്വയം സാംശീകരിക്കുന്ന കൂട്ടത്തിലാണ്. പുത്തൻ സാങ്കേതിക വിദ്യയിൽ മുതിർന്നവരെക്കാൾ കൂടുതൽ കാര്യ ശേഷിയും കാര്യ പ്രാപ്തിയും അവരിലുണ്ട്. അതിനോട് പൊരുത്തപ്പെടുവാനും കാര്യങ്ങൾ തുറന്ന് സംസാരിക്കുവാനും അവരോടൊപ്പം ചേർന്ന് നിൽക്കുവാനും നമുക്ക് കഴിയണം.