തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തെത്തിയത്. ബുധനാഴ്ച്ച ഇന്ത്യക്കതിരെ ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കായിട്ടാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടി20 കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം അബുദാബി വഴിയാണ് തിരുവനന്തപുരത്ത് എത്തുന്നത്. യാത്രാക്ഷീണം കാരണം അന്നത്തെ പരിശീലനം ഒഴിവാക്കിയിരുന്നു ടീം.
ഇതിനിടെ ഒഴിവുദിവസം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സന്ദർശിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ്. അദ്ദേത്തോടൊപ്പം ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് ക്രെയ്ഗ് ഗോവെന്ദറുമുണ്ടായിരുന്നു. പിന്നീട് ഇരുവരും ചിത്രം തങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു. ഇരുവരും നവരാത്രി ആശംകളും നേർന്നിട്ടുണ്ട്. ഇന്ത്യൻ വംശജനാണ് കേശവ്. താരത്തിന്റെ കുടുംബം ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ നിന്നുള്ളവരാണ്.
ദക്ഷിണാഫ്രിക്കൻ ടീം ഇന്നലെ ഗ്രീൻഫീൽഡിൽ പരിശീലനത്തിനിറങ്ങി. ബുധനാഴ്ചയാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരം. മൂന്ന് വർഷങ്ങൾക്ക് ശേഷമാാണ് ഗ്രീൻഫീൽഡ് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്. ദക്ഷിണാഫ്രിക്കൻ ടീമിന് പിന്നാലെ ഇന്ത്യൻ ടീമും തിരുവനന്തപുരത്തെത്തി. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീം ഹൈദരാബാദിൽ നിന്നാണ് ടീം എത്തിയത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം.
മൂന്ന് വർഷങ്ങൾക്ക് ശേഷമാാണ് ഗ്രീൻഫീൽഡ് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്. തിരുവനന്തപുരത്തെത്തിയ ഇന്ത്യൻ ടീമിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഗംഭീര സ്വീകരണമാണ് നൽകിയത്. ഇന്ന് വൈകിട്ട് അഞ്ച് മുതൽ എട്ട് വരെ ടീം ഇന്ത്യ ഗ്രീൻഫീൽഡിൽ പരിശീലനത്തിറങ്ങും. ഇന്ന് രോഹിത് മാധ്യമങ്ങളെ കാണും.