​ഗുരുവായൂർ ക്ഷേത്ര ദർശനം; വിശദീകരണവുമായി കനയ്യകുമാർ

Advertisement

തൃശൂർ: ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചതിൽ വിശദീകരണവുമായി കോൺഗ്രസ് യുവ നേതാവ് കനയ്യകുമാർ. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും സന്ദർശിക്കുമെന്നും അതിൻറെ ഭാഗമാണ് ഇന്നലെ ഗുരുവായൂരിൽ പോയതെന്നും കനയ്യ വ്യക്തമാക്കി. എല്ലാ മത വിശ്വാസങ്ങളെയും ബഹുമാനിക്കുന്നവരാണ് യഥാർഥ മതേതരരെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ പ്രശ്നം പാർട്ടി പരിഹരിക്കും.

നിലവിലെ പ്രശ്നങ്ങൾ രാഷ്ട്രീയത്തിൻറെ ഭാഗമാണ്. രാജസ്ഥാനിലെ പ്രശ്നങ്ങൾ ആശങ്കപ്പെടുത്തുന്നില്ല. ഭാരത് ജോഡോ യാത്ര രാജ്യത്തു മാറ്റം കൊണ്ടുവരുമെന്നും കനയ്യകുമാർ പറഞ്ഞു. ഇപ്പോൾ കോൺഗ്രസ് നേതാവായ കനയ്യകുമാർ, നേരത്തെ സിപിഐയുടെ തീപ്പൊരി നേതാവായിരുന്നു. ജെഎൻയു സമരനായകൻ എന്ന നിലയിലാണ് കനയ്യ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയനാകുന്നത്.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് കനയ്യ കുമാർ ഗുരുവായൂർ സന്ദർശനം നടത്തിയത്. ജോഡോ യാത്രക്കായി തൃശൂരിൽ എത്തിയപ്പോഴായിരുന്നു കനയ്യ കുമാറിൻറെ ഗുരുവായൂർ സന്ദർശനം. തനതായ കേരളീയ വേഷത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിൽകുന്ന ചിത്രം കനയ്യ കുമാർ തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.

ജോഡോ യാത്രയുടെ ഓരോ ദിവസത്തെ പര്യടനത്തിൻറെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ കനയ്യ പങ്കുവെക്കുന്നുണ്ട്. മുൻ കെപിസിസി സെക്രട്ടറി എ. പ്രസാദ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സി.എസ്. സൂരജ് എന്നിവർക്കൊപ്പമാണ് കനയ്യ ഗുരുവായൂരിലെത്തിയത്. ജെഎൻയു സമരനായകൻ എന്ന നിലയിലാണ് കനയ്യ കുമാറിൻറെ പേര് രാജ്യമാകെ ചർച്ച ചെയ്യപ്പെട്ടത്. പിന്നീട് സിപിഐ ദേശീയ നിർവാഹക സമിതി അംഗമായ കനയ്യ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബെഗുസരായിൽ നിന്ന് മത്സരിച്ചിരുന്നു. ഒടുവിൽ സിപിഐയുമായി തെറ്റിപ്പിരിഞ്ഞ് കോൺഗ്രസിൽ ചേരുകയായിരുന്നു.

Advertisement