ശ്രീനാഥ് ഭാസിയെ സിനിമയിൽനിന്ന് മാറ്റിനിർത്തും

Advertisement

കൊച്ചി: ശ്രീനാഥ് ഭാസിയെ സിനിമയിൽനിന്ന് മാറ്റിനിർത്തും. നിർമാതാക്കളുടെ സംഘടനയുടേതാണ് തീരുമാനം. അവതാരകയെ അപമാനിച്ച കേസിലാണ് നടപടി. ഇപ്പോൾ അഭിനയിക്കുന്ന സിനിമകൾ മാത്രം പൂർത്തിയാക്കാം. കേസിൽ ഒരുരീതിയിലും ഇടപെടില്ലെന്നും നിർമാതാക്കൾ അറിയിച്ചു.

കേസിൽ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മരടു പൊലീസാണു നടനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അഭിഭാഷകനോടൊപ്പം സ്റ്റേഷനിൽ എത്തിയ നടൻ അവതാരകയെ അപമാനിച്ചിട്ടില്ലെന്നും കൂടെയുണ്ടായിരുന്ന പുരുഷൻമാരോടാണു സംസാരിച്ചതെന്നുമുള്ള നിലപാടിലായിരുന്നു. രണ്ടു പേരുടെ ഉറപ്പിലാണു ജാമ്യം അനുവദിച്ചത്.

സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മരടിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടെ ആയിരുന്നു സംഭവം. പരാതിക്കാരിയുടെയും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരുടെയും ഹോട്ടൽ ജീവനക്കാരുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു. അഭിമുഖം നടന്ന മുറിയിൽ സിസിടിവി ക്യാമറ ഉണ്ടായിരുന്നില്ല. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും ഓൺലൈൻ ചാനൽ റിക്കോർഡ് ചെയ്ത അഭിമുഖവും ‌പരിശോധിച്ചു. നടൻ അപമാനിച്ചെന്ന് അവതാരക ഒരാഴ്ച മുൻപാണു പരാതി നൽകിയത്. വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.