കാര്യവട്ടത്തെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 പോരാട്ടം ഇന്ന്

Advertisement

തിരുവനന്തപുരം . കാര്യവട്ടത്തെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 പോരാട്ടം ഇന്ന്. രാത്രി 7 മണിക്കാണ് മത്സരമെങ്കിലും വൈകിട്ട് 4.30 മുതൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനം നൽകും. ആയിരത്തി അറുന്നൂറ്റിയമ്പത് പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ലോകകപ്പ് മുൻനിർത്തിയുള്ള പരീക്ഷണങ്ങൾക്കായിരിക്കും ടീം സെലക്ഷനിൽ ഇന്ത്യ പ്രാധാന്യം നൽകുക.

കാര്യവട്ടത്താണ് മത്സരമുണ്ടെന്ന് അറിഞ്ഞത് മുതൽ ആരാധകർ കാത്തിരുന്ന ദിനമെത്തി. ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡിലേക്കുള്ള വഴികളെല്ലാം നീലനിറമണിയും. പരിശീലനം പൂർത്തിയാക്കി, ബാക്കിയെല്ലാം കളത്തിൽ കാണാമെന്ന ആത്മവിശ്വാസത്തിൽ ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും താരങ്ങൾ. ബൗളിംഗ് ഡിപ്പാർട്ട്മെന്‍റിലെ പാകപ്പിഴകളിലാണ് ഇന്ത്യയുടെ ആശങ്ക. ബാറ്റർമാർ മിന്നുന്ന ഫോമിലാണ്. ലോകറാങ്കിംഗിലെ മൂന്നാമൻ സൂര്യകുമാർ യാദവിന് വിശ്രമം നൽകിയാൽ അത്ഭുതപ്പെടേണ്ടതില്ല.

പകരക്കാരായി ഉൾപ്പെടുത്തിയ ശ്രേയസ് അയ്യറും ഷഹബാസ് അഹമ്മദും ഇന്ത്യൻ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. സ്പിന്നർമാരായി ആരൊക്കെ എത്തുമെന്നത് സസ്പെൻസാണ്. അതിശക്തമാണ് ദക്ഷിണാഫ്രിക്കൻ പട. 25 വയസിന്‍റെ ശരാശരി പ്രായത്തിലാണ് 30 കഴിഞ്ഞ ഇന്ത്യയെ അവർ പിന്നിലാക്കുന്നത്. പേസർമാർ കരുതേണ്ടവരാണെങ്കിലും കാര്യവട്ടത്ത് കാര്യമാകുമോ എന്ന് കണ്ടറിയണം. മില്ലർ, ഡി-കോക്ക്, സ്റ്റബ്സ് ത്രയം നേതൃത്വം നൽകുന്ന ബാറ്റർമാർ സ്ഫോടനം തീർക്കാൻ കെൽപ്പുള്ളവരാണ്. 20 ഓവർ മത്സരത്തിൽ എന്തും സംഭവിക്കാം. ആവേശം നിറഞ്ഞ പോരാട്ടമാണിന്ന് കാത്തിരിക്കുന്നത്.