കോട്ടയം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ലിംഗമാറ്റ ശസ്ത്രക്രിയ സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇതിനായി ആശുപത്രികളില്‍ മതിയായ സൗകര്യങ്ങളും വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കും. കോട്ടയം മെഡിക്കല്‍ കോളജിലടക്കം ഇതിനുള്ള സൗകര്യങ്ങള്‍ ഭിന്നലിംഗക്കാര്‍ക്കായി ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം.
ഇതിനായി സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ വിദഗ്ദ്ധ അഭിപ്രായം തേടി കഴിഞ്ഞ ദിവസം മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ കത്തയച്ചിട്ടുണ്ട്. ഭിന്നലിംഗക്കാര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെയും വിവിധ സംസ്ഥാനസര്‍ക്കാരുകളുടെയും നയത്തിന് വിരുദ്ധമായ നിലപാടാണ് കേരളം സ്വീകരിക്കുന്നതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആന്റണി ഡൊമിനിക് ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന സമത്വം ഭിന്നലിംഗക്കാര്‍ക്ക് നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജില്‍ മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച ഭിന്നലിംഗക്കാരുടെ ക്ലിനിക്ക് പ്രവര്‍ത്തനരഹിതമാണെന്ന് കാട്ടി രഞ്ജുമോള്‍ എന്ന ഭിന്നലിംഗക്കാരി നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. ഭിന്നലിംഗക്കാരുടെ ആശുപത്രികളുടെ സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഡിഎംഇ കമ്മീഷന് ഉറപ്പ് നല്‍കി.
പരാതിക്കാരിയുടെ ചികിത്സയ്ക്ക് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് കാട്ടിആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുമുണ്ട്.