കുട്ടികള്‍ സാമ്പത്തിക അച്ചടക്കം പഠിക്കട്ടെ,നാടിന്‍റെ ചരിത്രവും

Advertisement

സുഗതന്‍ ശൂരനാട്

സാമ്പത്തിക അച്ചടക്കം

വ്യക്തി ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത മറ്റൊരു
ഘടകമാണ് സാമ്പത്തിക അച്ചടക്കം. പല രക്ഷിതാക്കളും തങ്ങളുടെ മക്കളെ ഇപ്പൊൾ ബുദ്ധിമുട്ടും പ്രയാസങ്ങളും ഒന്നും അറിയിക്കാതെയാണ് വളർത്തുന്നത്. ഒരു കൊച്ചു കുട്ടിക്ക് പെൻസിൽ വേണമെന്ന് പറഞ്ഞാൽ ഒരു പെട്ടി പെൻസിലാണ് വാങ്ങി നൽകുന്നത്. ഫലമോ അവൻ ഓരോ പെൻസിലും പൂർണമായും ഉപയോഗിക്കാതെ വെട്ടി കളയുന്നു. ഈയൊരു ചെറിയ ശീലം പോലും അവനിൽ ധാരാളിത്തത്തിന്റെയും അർഭാടത്തിന്റെയും വിത്തുകൾ പാകിയിരിക്കും.

പെൻസിലിന്റെ കാര്യത്തിൽ മാത്രമല്ല അവൻ ആവശ്യപ്പെടുന്നതിലുമപ്പുറം വാരി കോരി കൊടുക്കുന്നവരാണ് ഇന്നത്തെ രക്ഷിതാക്കളിൽ ഭൂരിപക്ഷം. ഞാൻ ബുദ്ധിമുട്ടി കഷ്ടപ്പെട്ടാണ് പഠിച്ചത് എന്റെ കുട്ടി അങ്ങനെ ആകരുത്. അവൻ ഒരു ബുദ്ധിമുട്ടും അറിയരുത്. ഈ മനോഭാവമാണ് പല രക്ഷിതാവിനും ഉള്ളത്. അത് തികച്ചും തെറ്റായ ഒരു ധാരണയാണ്. ഇത്തരത്തിൽ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ വളർത്തുന്ന കുട്ടികളാണ് ഭാവിയിൽ പല ബുദ്ധിമുട്ടുകളും രക്ഷിതാക്കൾക്ക് തിരിച്ചു നൽകുന്നത്. ഓരോ കുട്ടിയും ചെറു പ്രായത്തിൽ തന്നെ തന്റെ കുടുംബത്തിലെ ആകെ വരുമാനവും ചെലവും അറിഞ്ഞിരിക്കണം. സാമ്പത്തിക ബുദ്ധിമുട്ടും പ്രയാസങ്ങളും അറിഞ്ഞു തന്നെയാണ് കുട്ടികൾ വളരേണ്ടത്.

അതിനായി കുടുംബ ബഡ്ജറ്റുകൾ ചെറുപ്പത്തിലേ കുട്ടികളെ കൊണ്ട് തയാറാക്കാം.ഇത് രൂപയുടെ മൂല്യവും പ്രാധാന്യവും മനസിലാക്കാൻ കുട്ടിയെ സഹായിക്കും. സാമ്പത്തിക ഭദ്രതയും സാമ്പത്തിക അച്ചടക്കവും കുട്ടികൾ മനസിലാക്കാൻ ഉതകുന്ന തരത്തിലുള്ള ഭാഗങ്ങൾ പാഠ്യ പുസ്തകത്തിൽ ഉൾപ്പെടുത്തണം. അത് അറിവും ആരോഗ്യവും പോലെ ഒരു വ്യക്തിയുടെ ജീവിതത്തിലെ ജയ പരാജയങ്ങൾ തീരുമാനിക്കുന്ന നിർണ്ണായക ഘടകമാണ്.

ആദ്യം പിറന്ന നാടിന്റെ ചരിത്രമറിയട്ടെ

ഈ അടുത്ത കാലത്ത് ഒരു എൻ എസ്‌ എസ്‌ ക്യാമ്പിൽ പരിശീലകനായി ക്‌ളാസെടുക്കുന്ന വേളയിൽ സ്വന്തം പഞ്ചായത്ത് ഏതെന്ന് ചോദിച്ചപ്പോൾ ഉത്തരം അറിയാത്ത കുട്ടികളുടെ എണ്ണം കൂടുതൽ ആയിരുന്നു. ഇതാണ് അവസ്ഥ. അതല്ലേ അവർ ആദ്യം പഠിക്കേണ്ടതും അറിയേണ്ടതും. ഓരോ പാഠഭാഗങ്ങളും തെരെഞ്ഞെടുക്കുമ്പോൾ അത് പഠിക്കുന്ന കുട്ടിക്ക് കിട്ടുന്ന അടിസ്ഥാന അറിവായി മാറണം.

ആദ്യം കുട്ടികൾക്ക് അവരവരുടെ പ്രാദേശിക ചരിത്രം പഠിക്കുവാൻ സൗകര്യമൊരുക്കി കൊടുക്കണം.
സ്വന്തം ജില്ലയിൽ എത്ര താലൂക്കുകൾ ഉണ്ടെന്നും എത്ര പഞ്ചായത്തുകൾ ഉണ്ടെന്നും സ്വന്തം പഞ്ചായത്തിൽ എത്ര വാർഡുകൾ ഉണ്ടെന്നുമുള്ള അടിസ്ഥാന വിവരമെങ്കിലും പത്താംക്ലാസ് കഴിഞ്ഞു വരുന്ന ഒരു കുട്ടിക്ക് ഉണ്ടായിരിക്കണം.പിന്നീട് മതി ലോകചരിത്രം പഠിക്കുന്നത്.