അസിഡിറ്റി എന്താണെന്ന് അനുഭവിച്ചവര്‍ക്കേ അറിയൂ, ഒഴിവാക്കാം ഇങ്ങനെ

Advertisement

അസിഡിറ്റി എന്താണെന്ന് അതിന്റെ രൂക്ഷത അനുഭവിച്ചവര്‍ക്കേ അറിയൂ, പലപ്പോഴും അസിഡിറ്റി ആണെന്നറിയാതെ മറ്റ് പലതുമാണെന്ന് തെറ്റിദ്ധരിച്ച് ചികില്‍സക്കായി പോകേണ്ട സാഹചര്യവും പലര്‍ക്കുമുണ്ടായിരിക്കാം. ആധുനിക കാലത്ത് പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ്. ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍.

ചിലരില്‍ വയറ് വേദനയും ഉണ്ടാകാം.

ജോലിത്തിരക്കിനിടയില്‍ ഭക്ഷണം കൃത്യമായി കഴിക്കാതിരിക്കുക, ജീവിതശൈലിയില്‍ ഉണ്ടായ മാറ്റങ്ങള്‍, ഭക്ഷണരീതിയില്‍ വരുന്ന മാറ്റങ്ങള്‍, മാനസിക സംഘര്‍ഷം, തുടങ്ങിയവയൊക്കെ അസിഡിറ്റിക്ക് കാരണമായേക്കാം. അസിഡിറ്റിയെ തടയാന്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക. കൂടാതെ കഴിക്കുന്ന ഭക്ഷണത്തിനിടയിലുളള ഇടവേളകള്‍ ചുരുക്കാനും ശ്രദ്ധിക്കുക. ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴുവാക്കി ഇടയ്ക്കിടയ്ക്ക് എന്തെങ്കിലുമൊക്കെ കഴിക്കുന്നത് നല്ലതാണ്.

വെള്ളം ധാരാളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും വെള്ളം കുടിക്കുന്നത് നല്ലതാണ്. അതിനാല്‍ ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്‌ബോ അരമണിക്കൂറിന് ശേഷമോ വെള്ളം കുടിക്കുക.

എണ്ണയും കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നതാണ് അസിഡിറ്റിയെ അകറ്റാന്‍ ചെയ്യേണ്ട പ്രധാന കാര്യം.

ധാരാളം നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

അസിഡിറ്റി ഉണ്ടാക്കുന്നതായി തോന്നുന്ന ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി ഒഴിവാക്കുക. ഓറഞ്ച്, ബീന്‍സ്, ഉരുളക്കിഴങ്ങ്, കാപ്പി, പാല്‍, ചായ, വെണ്ണ, ഗ്രീന്‍പീസ്, സോയാബീന്‍, ഓട്‌സ്, അണ്ടിപ്പരിപ്പ്, സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പലതും ചിലര്‍ക്ക് അസിഡിറ്റി ഉണ്ടാക്കാം.

ഭക്ഷണം കഴിച്ചയുടനുളള ഉറക്കവും ഒഴിവാക്കുക. രാത്രി ഏറെ നേരം വൈകി ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. പുകവലി,മുറുക്ക്, മദ്യപാനം,ഉറക്കമില്ലായ്മ, ചിലമരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം അസിഡിറ്റി വര്‍ധിപ്പിക്കുന്ന കാരണങ്ങളാണ് ഇവ ശ്രദ്ധിച്ചാല്‍ അസിഡിറ്റിയെ നിയന്ത്രിച്ച് കൂടെ കൊണ്ടുപോകാം.

Advertisement