കോടിയേരിയുടെ മൃതദേഹം നാളെ കണ്ണൂരിൽ എത്തിക്കും, സംസ്കാരം തിങ്കളാഴ്ച മൂന്ന് മണിക്ക്

Advertisement

കോടിയേരിയുടെ മൃതദേഹം നാളെ കണ്ണൂരിൽ എത്തിക്കുംസംസ്കാരം തിങ്കളാഴ്ച മൂന്ന് മണിക്ക്

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻറെ വിയോഗത്തിന് പിന്നാലെ എകെജി സെന്ററിലെ പാർട്ടി പതാക താഴ്ത്തികെട്ടി. കോടിയേരി ബാലകൃഷ്ണൻറെ മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും. തിങ്കളാഴ്‍ച്ച മൂന്ന് മണിക്കാണ് സംസ്ക്കാരം. മൂന്ന് മണി മുതൽ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കണ്ണൂരിലേക്ക് പോകും.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അർബുധ ബാധിതനായിരുന്നു. മരണ സമയത്ത് ഭാര്യ വിനോദിനി മക്കളായ ബിനീഷ്, ബിനോയ്‌ എന്നിവർ അടുത്തുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ, ആനി രാജ എന്നിവർ ആശുപത്രിയിലെത്തിയിട്ടുണ്ട്. സംവിധായകൻ പ്രിയദർശനും മരണവിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തി.

മൂന്ന് തവണയാണ് സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ കോടിയേരി നയിച്ചത്. അഞ്ച് തവണ തലശ്ശേരിയിൽ നിന്ന് എംഎൽഎയായി. കർക്കശക്കാരായ കമ്യൂണിസ്റ്റുകൾക്കിടയിൽ എന്നും സൗമ്യനും, സമവായ അന്വേഷകനുമായിരുന്നു കോടിയേരി. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയൻറെ കാൽപാടുകളായിരുന്നു കോടിയേരിയുടെ പടവുകൾ.

Advertisement