കോടിയേരിയ്ക്ക് രാഷ്ട്രീയ കേരളത്തിന്റെ അനുശോചനം

Advertisement

തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മരണത്തിൽ അനുശോചന പ്രവാഹം. കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി നേതാക്കൾ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയാണ്.

രാഷ്ട്രീയമായി വിരുദ്ധ ചേരിയിൽ നിന്നപ്പോഴും വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ച കോടിയേരി ബാലകൃഷ്ണൻ എല്ലാവർക്കും സ്വീകാര്യനായ നേതാവായിരുന്നുവെന്നും സ്‌നേഹപൂർണമായ ഇടപെടലിലൂടെ അദ്ദേഹം എല്ലാവരുടെയും ആദരവ് നേടിയെന്നും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരിച്ചു. കലാലയ രാഷ്ട്രീയത്തിലൂടെ പടിപടിയായി ഉയർന്ന് സിപിഎമ്മിന്റെ ഏറ്റവും ഉന്നതപദവിയിലെത്തുകയും എംഎൽഎ, മന്ത്രി തുടങ്ങിയ പദവികളിലിരുന്ന് മികച്ച പ്രകടനം നടത്തുകയും ചെയ്ത കോടിയേരി ഏറെ ജനകീയനായിരുന്നു. അദ്ദേഹത്തിന്റെ അകാലവിയോഗത്തിൽ അഗാധമായി ദുഃഖിക്കുന്നുവെന്നും അദ്ദേഹം അനുശോചന കുറിപ്പിൽ പറയുന്നു.

സിപിഎമ്മിന്റെ കരുത്തനായ ഒരു നേതാവിനെയാണ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തോടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. വിദ്യാർത്ഥി-യുവജനപ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുമ്പോൾത്തന്നെ കോടിയേരിയുമായി ബന്ധപ്പെടാൻ ഇടയായിട്ടുണ്ട്. പാർട്ടിക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. മായാത്ത ചിരിയോടെ ആരോടും സൗഹൃദപൂർവ്വം പെരുമാറുന്ന കോടിയേരിക്ക് മറ്റു പാർട്ടികളിലും ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. മന്ത്രി എന്ന നിലയിലും മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവച്ചത് എന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

തമിഴ്നാട്മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

അടിമുടി രാഷ്ട്രീയക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് വി ഡി സതീശന്‍ പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയമായിരുന്നു കോടിയേരിയുടെ ജീവശ്വാസം. സ്ഥായിയായ ചിരിയും സ്‌നേഹവാക്കുകളും കൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി എല്ലാവര്‍ക്കും പ്രിയങ്കരനായി. പാര്‍ട്ടി ചട്ടക്കൂടിന് പുറത്തേക്കും അദ്ദേഹത്തിന്റെ സൗഹൃദം വ്യാപിച്ചുവെന്നും വി ഡി സതീശന്‍ പ്രസ്താവനയില്‍ പറഞ്ഞു.   

പ്രായോഗിക രാഷ്ട്രീയത്തിന്റെ നയതന്ത്രവും കാര്‍ക്കശ്യവും ഒരു പോലെ വഴങ്ങിയ നേതാവായിരുന്നു കോടിയേരി.  നിയമസഭ സാമാജികനെന്ന നിലയിലും പ്രതിപക്ഷ ഉപനേതാവെന്ന നിലയിലും കോടിയേരിയുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. രോഗത്തിന്റെ വേദനയിലും തന്റെ സ്വാഭാവിക ചിരിയോടെ എല്ലാം അതിജീവിക്കുമെന്ന ആത്മവിശ്വാസമാണ് ചുറ്റുമുള്ളവര്‍ക്ക് കോടിയേരി നല്‍കിയത്. സിപിഎമ്മിലെ സൗമ്യ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്ക്‌ ചേരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

കോടിയേരിയുടെ ദേഹവിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായി ബിജെപി നേതാവ് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. സിപിഎമ്മിന്റെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയ എതിരാളികളോടും സൗഹൃദം സൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കേരള രാഷ്ട്രീയത്തിനും കനത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ദുഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം കുറിപ്പിൽ അറിയിച്ചു.

Advertisement