സുഹൃത്തിനെ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചിട്ട മുത്തുകുമാർ പിടിയിൽ

Advertisement

ആലപ്പുഴ: ആര്യാട് കോമളപുരം സ്വദേശി ബിന്ദുമോനെ (45) കൊലപ്പെടുത്തി ചങ്ങനാശേരി എസി കോളനിയിലെ വീട്ടിൽ കുഴിച്ചിട്ട സംഭവത്തിൽ പ്രതിയായ മുത്തുകുമാറിനെ കലവൂർ ഐടിസി കോളനിയിൽനിന്ന് പിടികൂടി. ആലപ്പുഴ നോർത്ത് പൊലീസാണ് പ്രതിയെ പിടികൂടിയത്.

ഇയാളെ ചങ്ങനാശേരി പൊലീസിന് കൈമാറും. ആകെ മൂന്ന് പ്രതികൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. മറ്റു രണ്ടു പേർ ഒളിവിലാണ്. ഇവർ കേരളം വിട്ടതായാണു സൂചനയെന്ന് പൊലീസ് പറയുന്നു.

കയർ ഫാക്ടറി തൊഴിലാളിയായ ബിന്ദുമോന്റെ മൃതദേഹം ശനിയാഴ്ചയാണ് മുത്തുകുമാർ വാടകയ്ക്കു താമസിച്ചിരുന്ന വീടിനുള്ളിൽ മറവു ചെയ്ത് സിമന്റിട്ട് ഉറപ്പിച്ച നിലയിൽ കണ്ടെത്തിയത്. ബിന്ദുമോനും മുത്തുകുമാറും പരിചയക്കാരാണ്. അവിവാഹിതനായ ബിന്ദുമോനെ കഴിഞ്ഞ 26 മുതൽ കാണാനില്ലായിരുന്നു. അവസാനം ഫോൺ വിളിച്ചവരിലേക്ക് ആലപ്പുഴ നോർത്ത് പൊലീസിന്റെ അന്വേഷണമെത്തി. ഇതിൽ മുത്തുവിന്റെ പ്രതികരണത്തിൽ സംശയം തോന്നി. സ്റ്റേഷനിലെത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടും മുത്തു എത്തിയതുമില്ല.

മുത്തുവിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ നോക്കി ആലപ്പുഴ പൊലീസ് വെള്ളിയാഴ്ച രാത്രി ചങ്ങനാശേരിയിലെ വീട്ടിലെത്തുകയായിരുന്നു. അടുക്കളയോടു ചേർന്നുള്ള ചായ്പിൽ കോൺക്രീറ്റ് തറയുടെ ഭാഗങ്ങൾ പുതുതായി സിമന്റ് ഇട്ട് ഉറപ്പിച്ചിരിക്കുന്നതു പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. ഇന്നലെ തറ പൊളിച്ച് മൃതദേഹം കണ്ടെത്തി. തറ നിരപ്പിൽനിന്നു രണ്ടടി താഴ്ചയിലായിരുന്നു കുഴി. ആലപ്പുഴയിൽ നിന്നുള്ള ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞതോടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.