പാലക്കാട്: പാലക്കാട് വീണ്ടും എംഡിഎംഎയുമായി യുവാവ് പിടിയിൽ. 100 ഗ്രാം എംഡിഎംഎയുമായി വാളയാറിൽ വെച്ചാണ് യുവാവ് പിടിയിലായത്. ആലപ്പുഴ അരൂക്കുറ്റി സ്വദേശി മോൻസ് മോഹനാണ് മാരക ലഹരിമരുന്നുമായി പിടിയിലായ യുവാവ്.
ഇയാൾക്കൊപ്പമുണ്ടായിരുന്ന യദുകൃഷ്ണൻ എന്ന സുഹൃത്ത് ഓടിരക്ഷപ്പെട്ടു. ആന്റി നാർകോടിക് സെൽ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നടക്കം യുവാവിനെ പിടികൂടിയത്.
പ്രതികൾ എംഡിഎംഎ കേരളത്തിലെത്തിച്ച് വിൽക്കുന്നവരാണെന്നാണ് വിവരം. ബെംഗളൂരുവിൽ നിന്നാണ് ഇവർ എംഡിഎംഎ കേരളത്തിലേക്ക് എത്തിക്കുന്നത്. പിന്നീട് ആലപ്പുഴ ജില്ലയിലെ ചേർത്തല, അരൂർ ഭാഗങ്ങളിൽ എത്തിച്ച് വിൽക്കുകയാണ് പതിവെന്ന് എക്സൈസ് സംഘം പറഞ്ഞു.
സംസ്ഥാനത്ത് മുൻപ് കഞ്ചാവായിരുന്നു യുവാക്കൾ കൂടുതലും ഉപയോഗിച്ചിരുന്നതെങ്കിൽ സമാനമായ നിലയിൽ ഇന്ന് എംഡിഎംഎയും ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് പിടിയിലാകുന്ന കേസുകളിൽ നിന്ന് മനസിലാകുന്നത്. വയനാട് തോൽപ്പെട്ടി ചെക്പോസ്റ്റിൽ രണ്ട് ബൈക്ക് യാത്രികർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
എറണാകുളത്ത് മട്ടാഞ്ചേരിയിൽ നടത്തിയ പ്രത്യേക കോമ്പിങ് ഓപറേഷനിടെ അര കിലോയോളം തൂക്കം വരുന്ന എംഡിഎംഎയുമായാണ് കൂവപ്പാടം സ്വദേശിയായ ശ്രീനിഷ് കൊച്ചങ്ങാടിയിൽ വെച്ച് പിടിയിലായത്. ഇയാളിൽ നിന്ന് 20000 രൂപയും, ഇലക്ട്രോണിക് ത്രാസും, മൊബൈൽ ഫോണും കണ്ടെത്തി. ബംഗളുരുവിൽ നിന്ന് ചില്ലറ വില്പനക്കയാണ് ലഹരി എത്തിച്ചതെന്നു പ്രതി പോലീസിനോട് പറഞ്ഞു. ഇയാൾക്കു മയക്കു മരുന്ന് എത്തിച്ച ആളെ കുറിച്ചും സ്ഥിരമായി മയക്കു മരുന്ന് വാങ്ങുന്നവരെ കുറിച്ചും പോലീസ് അന്വേഷണം തുടങ്ങി.