കണ്ണൂർ : സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൌതിക ശരീരം പയ്യാമ്പലം കടൽപ്പുറത്ത് അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. സംസ്ഥാന സർക്കാരിന‍്‍റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനുമടക്കമുള്ള നേതാക്കൾ ചേർന്നാണ് കോടിയേരിയുടെ ഭൗതിക ശരീരം ചിതയിലേക്ക് ആനയിച്ചത്. പിന്നീട് മക്കളായ ബിനീഷ് കോടിയേരിയും ബിനോയ് കോടിയേരിയും ചേർന്ന് ചിതയ്ക്ക് തീ കൊളുത്തി.
കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ മണിക്കൂറുകൾ നീണ്ട പൊതുദർശനത്തിന് ശേഷം പാർട്ടി പ്രവർത്തകരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെയാണ് അന്ത്യ വിശ്രമമൊരുക്കിയ പയ്യാമ്പലം ബീച്ചിലേക്ക് വിലാപയാത്ര നീങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗം എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എംവിജയരാജൻ, പിബി അംഗം വിജയരാഘവൻ അടക്കമുളള മുതിർന്ന നേതാക്കൾ രണ്ടര കിലോമീറ്ററോളം ദൂരം വിലാപയാത്രക്ക് ഒപ്പം നടന്നും
ആയിരങ്ങളാണ് രണ്ട് ദിവസമായി കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. ഇന്നലെ എട്ട് മണിക്കൂറോളം തലശ്ശേരി ടൌൺ ഹാളിലും പിന്നീട് കുടുംബ വീട്ടിലും ഇന്ന് രാവിലെ മുതൽ കണ്ണൂർ ജില്ലാക്കമ്മറ്റി ഓഫീസിലും പൊതുദർശനമുണ്ടായി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് അടക്കമുള്ള ദേശീയ നേതാക്കളും, മന്ത്രിമാരും പ്രതിപക്ഷ നേതാവും പ്രതിപക്ഷ നിരയിലെ നേതാക്കളും പ്രവസായ പ്രമുഖരും മതമേലധ്യക്ഷൻമാരും സാംസ്കാരിക നായകരുമടക്കം നിരവധിപ്പേർ കണ്ണൂരിലെത്തി കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ജില്ലാ കമ്മറ്റി ഓഫീസിലെത്തി അന്തിമോപചാരം അർപ്പിച്ചു. കോടിയേരിയുടെ കുടുംബാംഗങ്ങളെ ഗവർണർ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.
രാവിലെ പ്രവർത്തകരുടെ മുദ്രാവാക്യ അകമ്പടിയോടെയാണ് വിലാപയാത്ര വീട്ടിൽ നിന്ന് കണ്ണൂരിലെ ഓഫീസിലേക്ക് എത്തിച്ചത്. ഇടക്കുള്ള
ഓരോ കേന്ദ്രങ്ങളിലേക്കും കവലകളിലേക്കും ജനം ഒഴുകിയെത്തി. നിറഞ്ഞ കണ്ണുകളുമായാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും ശക്തികേന്ദ്രത്തിലെ ഓരോ കവലകളും കോടിയേരിയെ കാത്തുനിന്നത്. ഹൃദയം നുറുങ്ങുന്ന വേദനയിലും അവർ പ്രിയ സഖാവിനെ ചങ്ക് പിളർക്കെ മുദ്രാവാക്യം വിളിച്ചാണ് ഏറ്റുവാങ്ങിയത്.
നയനാരുടെയും ചടയൻ ഗോവിന്ദൻറെയും കുടീരങ്ങൾക്ക് നടുവിലാണ് അന്ത്യനിദ്ര ഒരുക്കിയിരിക്കുന്നത്. പൂർണ്ണ ബഹുമതികളോടെ ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് പയ്യാമ്പലം കടപ്പുറത്ത് സംസ്‍ക്കാരം നടക്കും. കണ്ണൂർ, തലശേരി , ധർമ്മടം, മാഹി എന്നിടങ്ങളിൽ ദു:ഖ സൂചകമായി സിപിഎം ഹർത്താൽ ആചരിക്കുകയാണ്.