ചാരായ നി‍ർമാണവും വിൽപ്പനയും, യുവാവ് അറസ്റ്റിൽ

Advertisement

ചെങ്ങന്നൂർ: 30 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി യുവാവ് അറസ്റ്റിൽ. ചെറിയനാട് അരിയുണ്ണിശ്ശേരി കിഴക്ക് നെടുംതറയിൽ വീട്ടിൽ പ്രശാന്താണ് പിടിയിലായത്. ചെറിയനാട് ആവണിപ്പാടത്താണ് ചാരായം വാറ്റിയത്. ഒപ്പം ഉണ്ടായിരുന്ന സഹായി രവി എക്സൈസ് സംഘത്തെ കണ്ടതോടെ കടന്നുകളഞ്ഞു.

ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവൻറ്റീവ് ഓഫിസർ ബി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവൻറിവ് ഓഫിസർ ജോഷി ജോൺ, സി. ഇ. ഒമാരായ പി. ആർ. ബിനോയ്, സി. കെ. അനീഷ് കുമാർ എന്നിവരും പങ്കെടുത്തു.

വ്യാജ മദ്യവും വാറ്റും തടയാൻ സംസ്ഥാന വ്യാപകമായി എക്സൈസും പൊലീസും നടപടികൾ സ്വീകരിച്ച് വരികയാണ്. എക്‌സൈസ് വകുപ്പിന്റെ ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ 1114 റെയിഡുകളിലായി 638 കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ മാസം അഞ്ച് മുതൽ ഈ മാസം 12 വരെ നടത്തിയ റെയ്ഡുകളിൽ 161 അബ്ക്കാരി കേസുകളാണ് എക്സൈസ് രജിസ്റ്റർ ചേയ്തത്. വിവിധ കേസുകളിലായി 141 പേരെ അറസ്റ്റ് ചെയ്തു. 660.44 ലിറ്റർ മദ്യവും 1299 ലിറ്റർ വാഷും 12.5 ലിറ്റർ ചാരായവും പിടിച്ചെടുത്തു. റെയ്ഡിൽ 56 എൻ ഡി പി എസ് കേസുകളിലായി 59 പ്രതികളെയും അറസ്റ്റ് ചെയ്തു.

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 156.042 കിലോഗ്രാം കഞ്ചാവും അഞ്ച് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. കൂടാതെ 212.858 ഗ്രാം എം ഡി എം എ യും 21.100 ഗ്രാം ഹാഷിഷ് ഓയിലും 7.923 ഗ്രാം ബ്രൗൺ ഷുഗറും കണ്ടെടുത്തിട്ടുണ്ട്. 421 കേസുകളിലായി 25 കിലോയോളം പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തതായി ഡെപ്യൂട്ടി കമ്മീഷനർ താജുദ്ദീൻ കുട്ടി അറിയിച്ചു.