പാലക്കാട് .വടക്കഞ്ചേരി ചുവട്ടുപാടത്ത് ദമ്പതികളെ കെട്ടിയിട്ട് 25 പവൻ സ്വർണവും,പണവും കവർന്ന സംഭവത്തിൽ പ്രതികൾ പോലീസ് പിടിയിൽ. തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറുപേരെയാണ് വടക്കഞ്ചേരി പോലീസ് പിടികൂടിയത്.കഴിഞ്ഞ സപ്തംബർ 22ന് ആയിരുന്നു ദമ്പതികളെ ആക്രമിച്ച് സംഘം പണവും സ്വർണവും കവർന്നത്.
തമിഴ്നാട് സ്വദേശികളായ കേശവൻ, പ്രഭു , മുഹമദ് അബ്ദുള്ള, തമിഴ് ശെൽവൻ, യുവറാണി , യമുന റാണി, എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്.
കഴിഞ്ഞ സെപ്റ്റംബർ 22ന് രാത്രി 9 മണിക്കായിരുന്നു സിനിമാ സ്റ്റൈൽ മോഷണം. ചുവട്ടു പാടം സ്വദേശി സാം.പി. ജോണും, ഭാര്യ ജോളിയും ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടക്കവേ ആറോളം പേർ വീടിനു മുന്നിലെ വാതിലിനടുത്ത് ഒളിഞ്ഞുനിന്ന ശേഷം ഒരാൾ ദേശീയപാതയോരത്തെ ഗെയ്റ്റിനു മുന്നിൽ ബൈക്ക് നിർത്തി തുടർച്ചയായി ഹോൺ മുഴക്കുകയായിരുന്നു. കൂട്ടുകാർ അത്യാവശ്യത്തിന് വിളിക്കുന്നതാകുമെന്ന് കരുതി സാം വാതിൽ തുറന്നപ്പോൾ മോഷ്ടാക്കൾ അകത്തുകടന്ന് കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും, കെട്ടിയിട്ട ശേഷം ഇരുമ്പ് കട്ട കൊണ്ട് അടിക്കുകയും ചെയ്തു, ഭാര്യ ജോളി കരഞ്ഞപേക്ഷിച്ചതോടെയാണ് മോഷ്ടാക്കള്‍ ആക്രമണത്തില്‍ നിന്ന് പിന്‍മാറിയത്. ശേഷം 25 പവൻ സ്വർണവും, വജ്രാഭരണവും പതിനായിരം രൂപയും,എടിഎം കാർഡും സംഘം കവർന്നു. മോഷണത്തെ തുടര്‍ന്ന് കാറില്‍ രക്ഷപ്പെട്ട സംഘത്തിനായ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചു, ഇതിൽ വാഹനങ്ങളുടെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി.
സംഘത്തിൽ രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നതിനാൽ തമിഴ്നാട്ടിൽ നിന്നുള്ളവരാണെന്ന് നിഗമനവും ഉണ്ടായിരുന്നു. ഇതിനിടെ മറ്റൊരു കേസില്‍ മധുര പൊലീസിന്റെ പിടിയിലായവരില്‍ വടക്കഞ്ചേരിയില്‍ മോഷണം നടത്തിയവരും ഉള്‍പ്പെട്ടതായി വിവരം ലഭിച്ചു. ഇവരെ തമിഴ്നാട്ടിലെത്തി ചോദ്യം ചെയ്തതോടെയാണ് മറ്റ് പ്രതികളും വലയിലായത്. ആലത്തൂർ ഡിവൈഎസ്പി ആർ.അശോകൻ, വടക്കഞ്ചേരി സിഐ എ.ആദംഖാൻ, എസ്ഐ കെ.വി.സുധീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. പ്രതികൾ ഉപയോഗിച്ച വാഹനവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.