മുഖ്യമന്ത്രിയുടെ വിദേശയാത്ര; രാജ്ഭവന് അതൃപ്തി

Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയിൽ രാജ്ഭവന് കടുത്ത അതൃപ്തി. യാത്രയുടെ വിശദാംശങ്ങൾ ഭരണഘടനപ്രകാരം ഗവർണറെ രേഖാമൂലം അറിയിക്കാത്തതിലാണ് അതൃപ്തി. മുഖ്യമന്ത്രി വിദേശയാത്ര നടത്തുമ്പോൾ, ഗവർണറെ കണ്ട് യാത്രാ പരിപാടികൾ വിശദീകരിക്കുകയും രേഖാമൂലം വിശദാംശങ്ങൾ കൈമാറുകയും ചെയ്യുന്നതാണ് കീഴ്‌വഴക്കം.

എന്നാൽ ഇത്തവണ ഇതു ലംഘിക്കപ്പട്ടതായി രാജ്ഭവൻ ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച, കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണൂരിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രി യാത്രയെക്കുറിച്ച് പറഞ്ഞത്. പത്തുദിവസം യൂറോപ്യൻ പര്യടനത്തിലായിരിക്കുമെന്ന് അറിയിച്ചു. ഗവർണർ യാത്രാമംഗളങ്ങൾ നേരുകയും ചെയ്തു. എന്നാൽ ഔദ്യോഗികമായി യാത്രയെക്കുറിച്ച് അറിയിച്ചിട്ടില്ലെന്നാണ് ആക്ഷേപം.

നോർവേ, ഇംഗ്ലണ്ട്, വെയിൽസ് എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും സന്ദർശിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടർന്ന്, നിശ്ചയിച്ചതിലും രണ്ടു ദിവസം വൈകിയാണ് സംഘം പുറപ്പെട്ടത്. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹിമാൻ തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

മാരിടൈം മേഖലയിലെ സഹകരണം ലക്ഷ്യമിട്ടാണ് നോർവേ സന്ദർശനം. ദുരന്തനിവാരണ രീതികളും പരിചയപ്പെടും. വെയ്ൽസിൽ ആരോഗ്യ മേഖലയെ കുറിച്ചാണ് ചർച്ചകൾ. ആരോഗ്യമന്ത്രി വീണാ ജോർജ് അവിടെയെത്തും. ലണ്ടനിൽ ലോക കേരള സഭയുടെ പ്രാദേശിക യോഗം വിളിച്ചിട്ടുണ്ട്. യുകെയിലെ വിവിധ സർവകലാശാലകളുമായി ധാരണാപത്രങ്ങളും ഒപ്പുവയ്ക്കും. അടുത്ത മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും.

Advertisement