മൂന്നാർ. രാജമലയിൽ ഭീതി പടർത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. നൈമക്കാട് ഈസ്റ്റ് ഡിവിഷനിൽ ആദ്യം കടുവയുടെ ആക്രമണം ഉണ്ടായ തൊഴുത്തിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ വനം വകുപ്പ് രാത്രി തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ഇന്നലെ രാത്രി എട്ടരയ്ക്കാണ് നൈമക്കാട് ഈസ്റ്റ് ഡിവിഷനിലെ തൊഴുത്തിന് സമീപം സ്ഥാപിച്ച കൂട്ടിൽ ആൺ കടുവ കുടുങ്ങിയത്. മിനിറ്റുകൾക്കകം കൂട് വനം വകുപ്പ് പടുതായിട്ട് മറച്ചു. മൂന്നുദിവസമായി ഭീതി പരത്തിയ കടുവയെ കാണാൻ നാട്ടുകാരും തടിച്ചുകൂടി. കടുവയെ പിടിച്ചതിൽ സന്തോഷമെന്നും പ്രദേശത്ത് കൂടുതൽ കടുവകൾ ഉണ്ടെന്നും നാട്ടുകാർ.
ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡപ്രകാരം കടുവയുടെ പുനരധിവാസം നടപ്പാക്കും.
കടുവയെ കൂട് സഹിതം ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി കൊണ്ടുപോകുന്ന നടപടികൾ രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. വളർത്തു മൃഗങ്ങളെ കൊന്ന് ഭീതി പടർത്തിയ കടുവയെ പിടികൂടിയെങ്കിലും പ്രദേശത്തെ ആളുകളുടെ ആശങ്ക പൂർണമായും ഒഴിഞ്ഞിട്ടില്ല.