കേരളത്തിൽ കാലവർഷത്തിൽ വൻ കുറവ്; ഏറ്റവും കുറവ് മൂന്നു ജില്ലകളിൽ

Advertisement

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം 14% കുറഞ്ഞെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഴ നന്നായി കുറഞ്ഞപ്പോൾ 11 ജില്ലകളിൽ സാധാരണ രീതിയിലുള്ള മഴ കിട്ടി.

ഓഗസ്റ്റിൽ കണ്ണൂർ ജില്ലയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിലുണ്ടായത് മേഘവിസ്ഫോടനം കൊണ്ടല്ലെന്നു പറയുന്ന കൊച്ചി സർവകലാശാലയുടെ റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്.

ഓഗസ്റ്റ് ഒന്നാം തീയതിയാണ് കണ്ണൂർ ജില്ലയുടെ മലയോര മേഖലകളായ കണിച്ചാറിലും കോളയാട്ടും മഴയും മണ്ണിടിച്ചിലും ഉണ്ടായത്. 27 സ്ഥലങ്ങളിലാണ് ഒരു ദിവസം മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തത്. മൂന്നുപേരുടെ ജീവനെടുത്ത ഈ അപകടം മേഘ വിസ്ഫോടനം കൊണ്ടല്ല തുടർച്ചയായ മഴകൊണ്ടുണ്ടായ മണ്ണിടിച്ചിൽ കാരണമാണെന്ന് കൊച്ചി സർവകലാശാലയുടെ കാലാവസ്ഥാ പഠനവിഭാഗം പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു.

ഈ പ്രദേശത്ത് ജൂലൈ മാസത്തിൽ സാധാരണയേക്കാൾ 40% വരെ അധികം മഴ കിട്ടി. ഓഗസ്റ്റ് ഒന്നിന് 24 മണിക്കൂറിനുള്ളിൽ ആറു മുതൽ 11 സെൻറിമീറ്റർ വരെ മഴയും ഇവിടെ പെയ്തു. ഇതോടെയാണു വ്യാപകമായി മണ്ണിടിഞ്ഞത്. തുടർച്ചയായ മഴകിട്ടുന്ന മലയോര പ്രദേശങ്ങളിൽ ഖനനം, ഭൂവിനിയോഗം, നിർമാണ പ്രവർത്തനങ്ങൾ എന്നിവയിൽ അതീവ ജാഗ്രത പാലിക്കണമെന്നും പഠന റിപ്പോർട്ട് പറയുന്നു.

ജൂൺ മുതൽ സെപ്റ്റംബർ അവസാനം വരെ നീണ്ട ഇത്തവണത്തെ മൺസൂൺ കാലത്ത് സംസ്ഥാനത്ത് 1736 മില്ലീമീറ്റർ മഴ കിട്ടി. ഇത് സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടതിനെക്കാൾ 14% കുറവാണ്. ഒക്ടോബർ 20ാം തീയതിയോടെ കാലവർഷം കേരളത്തിൽ നിന്ന് പിൻവാങ്ങുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Advertisement