8 ദിവസങ്ങൾ പിന്നിട്ട് സിസ്റ്റർ ലൂസി കളപ്പുരയുടെ സത്യാ​ഗ്രഹ സമരം

Advertisement

വയനാട്: കാരക്കാമല കോൺവെൻറിലെ വിവേചനങ്ങൾക്കെതിരെ സിസ്റ്റർ ലൂസി കളപ്പുര തുടങ്ങിയ സത്യാഗ്രഹ സമരം തുടരുന്നു. വെള്ളമുണ്ട പൊലീസ് മദർ സൂപ്പീരിയറുമായി ചർച്ച നടത്തിയെങ്കിലും പരിഹാരം കണ്ടെത്താനായില്ല.

കാരാക്കാമല FCC മഠത്തിന് മുന്നിൽ സിസ്റ്റർ ലൂസി കളപ്പുര സത്യാഗ്രഹമിരിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് എട്ട് ദിവസങ്ങൾ പിന്നിടുകയാണ്. മഠത്തിൽ നിന്ന് തന്നെ പുറത്താക്കാനുള്ള നീക്കങ്ങളിലും വിവേചനങ്ങളിലും പ്രതിഷേധിച്ചാണ് ലൂസി കളപ്പുര സമരം തുടങ്ങിയത്. മഠത്തിൽ നിന്ന് ഭക്ഷണം നൽകുന്നില്ലെന്നും താമസിക്കുന്ന മുറിയിലെ വാതിലുകൾ തകർത്തെന്നുമാണ് പരാതി. വെള്ളമുണ്ട പൊലീസ് മഠം അധികൃതരുമായി ചർച്ച നടത്തിയെങ്കിലും സിസ്റ്ററുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ല. മദർ സുപ്പീരിയർ സത്യഗ്രഹസമരം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സിസ്റ്റർ ലൂസി കളപ്പുര കുറ്റപ്പെടുത്തി.

”നാലുവർഷമായി ഇതിന് വേണ്ടി പൊരുതുന്നതാണ്. അവരോട് വൈരാ​​ഗ്യമോ വെറുപ്പോ ഉണ്ടായിട്ടല്ല. ഇപ്പോഴും പറയുകയാണ്. ഒരു മനുഷ്യവ്യക്തി, അല്ലെങ്കിൽ കൂട്ടത്തിൽ 40 വർഷം ജീവിച്ച ആളോട് എങ്ങനെയണ് പെരുമാറേണ്ടതെന്ന് ഒരു ദിവസം കൊണ്ട് തീരുമാനമുണ്ടാക്കുകയല്ല ചെയ്യേണ്ടത്. അതുകൊണ്ട് നിർബന്ധമായും ഭക്ഷണം സഹിതമുള്ള എല്ലാ ആവശ്യങ്ങളും, പ്രത്യേകിച്ച് ഒരു സന്ദർശകന് ഇവിടെ കയറാൻ പറ്റില്ല. അവിടെയെല്ലാം ബോർഡ് വെച്ചിട്ടുണ്ട്. നീതി നിഷേധിക്കപ്പെട്ട കുഞ്ഞു സിസ്റ്റേഴ്സ് ഇവിടെയുണ്ടെങ്കിൽ അവരുടെയൊക്കെ ഉള്ളിലെ പ്രാർത്ഥന കൊണ്ടു കൂടിയായിരിക്കും എനിക്കിത്രയും ഊർജ്ജം കിട്ടുന്നത്. ഇതൊന്നും ആരോടും ചെയ്യാൻ പാടില്ല.” സിസ്റ്റർ ലൂസി കളപ്പുര പറയുന്നു. ഇത് രണ്ടാം തവണയാണ് ലൂസി കളപ്പുര മഠത്തിന് മുന്നിൽ സത്യാഗ്രഹമിരിക്കുന്നത്. സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ നൽകിയ ഹർജിയിൽ അന്തിമ വിധി വരുന്നത് വരെ മ‌‌ഠത്തിൽ തുടരാമെന്ന് മാനന്തവാടി മുൻസിഫ് കോടതിയുടെ ഉത്തരവുണ്ട്.