കടൽ വഴിയുള്ള ലഹരിക്കടത്തിന് പിന്നിൽ പാകിസ്ഥാനെന്ന് സൂചന

Advertisement

കൊച്ചി: നാർകോട്ടിക് കൺട്രോൾ ബ്യൂറോയും നാവിക സേനയും ചേർന്നു കൊച്ചി പുറം കടലിൽ പിടികൂടിയ ലഹരി കടത്തിയത് പാക്ക് ലഹരി മാഫിയയ്ക്കു വേണ്ടിയെന്നു റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽനിന്നാണ് ഹെറോയിൻ എത്തിച്ചതെന്നും പിടിയിലായവർ എൻസിബിക്കു മൊഴി നൽകി.

ഇവർ വെറും കാരിയർമാർ മാത്രമാണ് എന്നാണ് അന്വേഷണ സംഘത്തിനു വ്യക്തമായിട്ടുള്ളത്. 63 വയസുവരെ പ്രായമുള്ള ഇറാനിയൻ പൗരൻമാരാണു പിടിയിലായത്.

എവിടേക്കാണ് ലഹരി കൊണ്ടുപോകുന്നത് എന്ന കാര്യത്തിൽ പിടിയിലായ സംഘത്തിനു വ്യക്തതയുണ്ടായിരുന്നില്ല, പകരം ഉൾക്കടലിൽ മറ്റൊരു സംഘത്തിനു കൈമാറാനായിരുന്നു നിർദേശം. അക്ഷാംശരേഖ നൽകി അതനുസരിച്ചു നിശ്ചിത സ്ഥലത്ത് എത്തുമ്പോൾ മറ്റൊരു സംഘം അവിടെ എത്തും എന്നല്ലാതെ ഏതു രാജ്യത്തേക്കാണെന്ന് ഇവർക്ക് അറിയില്ലായിരുന്നു.

അതേസമയം ഇന്ത്യൻ തീരം ലക്ഷ്യമിട്ടാണ് ലഹരി വന്നതെന്ന് എൻസിബി പറയുന്നു. അഫ്ഗാനിസ്ഥാനിൽനിന്ന് ഇറാനിലെ തുറമുഖങ്ങളിലെത്തുന്ന ലഹരിമരുന്നാണ് ഇറാനിയൻ സംഘങ്ങൾ ഉൾക്കടലിൽ വച്ച് കൈമാറുന്നത്. ഇതു പിന്നീട് പാക്കിസ്ഥാനിൽനിന്നുള്ള കള്ളക്കടത്ത് സംഘങ്ങൾ ഇന്ത്യൻ തീരത്ത് എത്തിക്കുമെന്ന് പിടിയിലായവർ മൊഴി നൽകി. ബോട്ടിലുണ്ടായിരുന്ന സാറ്റലൈറ്റ് ഫോണിൽനിന്നാണ് കേന്ദ്ര ഏജൻസികൾക്കു ലഹരി കടത്തിനെക്കുറിച്ചു വിവരം ലഭിച്ചത്.

ആയിരം കോടിയിലേറെ രൂപ വിലവരുന്ന 210 കിലോ ലഹരിമരുന്നുമായെത്തിയ ബോട്ട് ഇന്നലെയാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും നാവികസേനയും ചേർന്നു പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ആറ് ഇറാനിയൻ പൗരന്മാരെയും നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഇന്നു ചോദ്യം ചെയ്യും. അബ്ദുൽ നാസർ, റഷീദ്, അബ്ദുൽ ഔസാർനി, ജുനൈദ്, അബ്ദുൽ ഖനി, അർഷാദ് അലി എന്നിവരാണു സംഘത്തിന്റെ പിടിയിലുള്ളത്.

ഇറാനിൽ റജിസ്റ്റർ ചെയ്ത ബോട്ടുമായാണ് ഇന്നലെ രാവിലെ ലഹരി കടത്തു സംഘം എൻസിബിയുടെ പിടിയിലായത്. ബോട്ടിലുണ്ടായിരുന്നവരുടെ പക്കൽ വ്യക്തമായ രേഖകളോ മൽസ്യ ബന്ധന ലൈസൻസോ ഇല്ലായിരുന്നു. കസ്റ്റഡിയിലെടുത്ത ബോട്ട് മട്ടാഞ്ചേരി വാർഫിൽ സൂക്ഷിച്ചിട്ടുണ്ട്.

Advertisement