തെങ്ങിന് മുകളിൽ കയറി കരാറുകാരൻറെ ആത്മഹത്യ ഭീഷണി

Advertisement

നെയ്യാറ്റിൻകര. തെങ്ങിന് മുകളിൽ കയറി കരാറുകാരൻറെ ആത്മഹത്യ ഭീഷണി. വീട് നിർമിച്ചതിൻറെ കുടിശ്ശികത്തുക നൽകുന്നില്ലെന്നാരോപിച്ചാണ് പാലിയോട് സ്വദേശി സുരേഷ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പണം വാങ്ങി നൽകാൻ ഇടപെടാമെന്ന് പൊലീസ് ഉറപ്പുനൽകിയതോടെയാണ് സുരേഷ് താഴെയിറങ്ങിയത്.

നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി വിജയൻറെ വീട്ടുവളപ്പിലെ തെങ്ങിന് മുകളിലായിരുന്നു നിർമാണക്കരാറുകാരൻ സുരേഷ് ആത്മഹത്യാഭീഷണി മുഴക്കിയത്. വിജയൻറെ വീട് നിർമിച്ചതിലെ കാരാർ തുകയിൽ ബാക്കി നൽകാനുണ്ടെന്നാരോപിച്ചായിരുന്നു ഭീഷണി. നാല് ലക്ഷത്തോളം രൂപ നൽകാതെ താഴെയിറങ്ങില്ലെന്നറിയിച്ച സുരേഷ് നാല് മണിക്കൂറിലധികം തെങ്ങിന് മുകളിലിരുന്നു. വീട്ടുടമയോടൊപ്പം ചേർന്ന് പോലീസ് തന്നെ ഭീഷണിപ്പെടുത്തിയെന്നും സുരേഷ് ടെലഫോണിലൂടെ മാധ്യമങ്ങളോട് പറഞ്ഞു.

പോലീസും ഫയർഫോഴ്സുമെത്തിയെങ്കിലും സുരേഷിനെ താഴെയിറക്കാനായില്ല. ഒടുവിൽ പണം വാങ്ങിനൽകാൻ
ഇടപെടാമെന്ന് പോലീസ് ഉറപ്പുകൊടുത്തതോടെ സുരേഷ് വഴങ്ങി. അതേസമയം സുരേഷ് നിർമാണം പൂർത്തിയാക്കാതെ പോയതിനാലാണ് കരാറനുസരിച്ച് പണം നൽകാത്തതെന്ന് വീട്ടുടമ പറഞ്ഞു. എത്ര രൂപ നൽകണമെന്ന കാര്യത്തിൽ പോലീസിൻറെ നേതൃത്വത്തിൽ ചർച്ച നടത്താനനും ധാരണയായി.