ഒറ്റപ്പാലം: ബൈക്ക് ഇടിച്ചുവീണ പശുവിന്റെ കൊമ്പ് ദേഹത്ത് തറച്ചുകയറി യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പാലക്കാട് പനമണ്ണ കുഴിക്കാട്ടിൽ സ്വദേശി കൃഷ്ണപ്രജിത്ത് (22) ആണു മരിച്ചത്. ഇന്നലെ രാത്രി 7.30ന് വീട്ടാമ്പാറ-പനമണ്ണ റോഡിലാണ് സംഭവം. അപകടത്തിൽപ്പെട്ട പശു ചത്തു.
ഉടമ നടത്തിക്കൊണ്ടു പോകുകയായിരുന്ന പശുവിനെ ഇടിച്ചതോടെ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ബൈക്കിൽനിന്നു തെറിച്ചുവീണ കൃഷ്ണപ്രജിത്തിന്റെ നെഞ്ചിൽ പശുവിന്റെ കൊമ്പ് തുളഞ്ഞു കയറിയെന്നു പൊലീസ് പറഞ്ഞു. ഉടനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറും. കൃഷ്ണപ്രജിത്തിന്റെ അച്ഛൻ: കൃഷ്ണകുമാർ. അമ്മ: പരേതയായ പ്രീത കുമാരി. സഹോദരൻ: കിഷോർ.