താടി നീക്കൽ: മൂത്തമകൾ കരുണ ഇല്ലാതെ വിമർശിച്ചുവെന്ന് എം ബി രാജേഷ്

Advertisement

കൊച്ചി: മുപ്പത് വർഷമായി എം ബി രാജേഷിൻറെ മുഖത്തെ സ്ഥിര സാന്നിദ്ധ്യമായിരുന്നു വെട്ടിയൊതുക്കിയ താടി. എന്നാൽ ഇക്കഴിഞ്ഞ ദിവസമാണ് ആ താടി രാജേഷ് വടിച്ചുകളഞ്ഞത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച ഫോട്ടോ വൈറലാവുകയും ചെയ്തു.

പ്രത്യേകിച്ച് ഒരു കാരണം കൊണ്ടല്ല താടി വടിച്ചതെന്ന് രാജേഷ് വ്യക്തമാക്കി. വ്യക്തി സ്വാതന്ത്ര്യത്തിൻറെ ഭാഗം മാത്രമാണത്.ശപഥമൊന്നുമല്ല. നര വല്ലാതെ താടിയെ ബാധിച്ചു.ആ സാഹചര്യത്തിലാണ് താടി വടിച്ചത്.താടി വടിച്ചതോടെ അച്ഛൻ കൂടുതൽ ചെറുപ്പമായെന്നാണ് ഇളയ മകളുടെ അഭിപ്രായം . പക്ഷെ മൂത്ത മകൾ കരുണയില്ലാതെ വിമർശിച്ചു. താടിയില്ലാതെ കൊള്ളില്ലെന്ന് അഭിപ്രായപ്പെട്ട ഭാര്യ നിനിത കണിച്ചേരി പക്ഷെ വ്യക്തിപരമായ തീരുമാനത്തെയും താൽപര്യത്തേയും മാനിക്കുന്നു എന്നും പറഞ്ഞു. പക്ഷെ രാഷ്ട്രീയ സുഹൃത്തുക്കൾ നല്ല അഭിപ്രായമാണ് പറഞ്ഞത്,

താടി എടുത്തപ്പോൾ എം ബി രാജേഷിൻറെ പരുക്കൻ മുഖഭാവം മാറി എന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. എസ്എഫ്ഐ കാലം മുതൽ രാജേഷിനെ താടി വച്ചാണ് കണ്ടിട്ടുള്ളത്. ആക്ഷേപഹാസ്യസിനിമകളിൽ കാണുന്ന പതിവ് രാഷ്ട്രീയക്കാരൻറെ മുഖത്തിൽ നിന്നുള്ള ഈ മാറ്റം നല്ലതാണ്,കുറച്ച് സൗമ്യ ഭാവം വന്നിട്ടുണ്ടെന്നും ഹൈബി പറഞ്ഞു.

എംബി രാജേഷ് മുപ്പത് വർഷമായി കൊണ്ടു നടന്ന ഐഡന്റിറ്റിയാണ് വെട്ടിയൊതുക്കിയ താടി. കൃത്യമായി പറഞ്ഞാൽ 1992 ലെ ബിരുദാനന്തര ബിരുദകാലത്തെ സ്റ്റഡി ലീവിലാണ് താടി വളർത്തി തുടങ്ങിയത്.. പിന്നീടങ്ങോട്ട് സ്റ്റൈലിന്റെ ഭാഗമായി. ഇതിനിടക്ക് ഒരിക്കൽ മാത്രം താടി എടുത്തിരുന്നു, അത് കൊവിഡ് കാലത്ത് നരേന്ദ്രമോദി ആദ്യ ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ്.കൊവിഡ് കാലത്ത് താടി കളഞ്ഞപ്പോൾ വീട്ടിലിരുന്ന് ഫോട്ടോ എടുത്ത് അയച്ച് കൊടുത്തത് രണ്ടേ രണ്ടു പേർക്കാണെന്ന് രാജേഷ് പറയുന്നു. അത് മന്ത്രിമാരായ കെഎൻ ബാലഗോപാലിനും പി രാജീവിനുമാണ്. ഒരു ഫോട്ടോ അങ്ങോട്ട് അയച്ച് ഞെട്ടിച്ചപ്പോൾ മറ്റൊരു ഫോട്ടോ തിരിച്ചിട്ടാണ് പി രാജീവ് ഞെട്ടച്ചത്. അതും ഒരു താടിയില്ലാത്ത ഫോട്ടോ ആയിരുന്നു. ആ ചിത്രം പക്ഷെ ഇത് വരെ മറ്റാരും കണ്ടിട്ടുമില്ല.

Advertisement