അശ്വതി ബാബുവിന് കല്യാണം; സുഹൃത്ത് നൗഫൽ വരൻ

Advertisement

കൊച്ചി: നടി അശ്വതി ബാബു വിവാഹിതയായി. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയായ അശ്വതി സുഹൃത്ത് കാക്കനാട് ചിറ്റേത്തുകര പറയിൻമൂല വീട്ടിൽ നൗഫലിനെയാണ് റജിസ്റ്റർ വിവാഹം ചെയ്തത്. കൊച്ചിയിൽ കാർ ബിസിനസ് ചെയ്യുന്നയാളാണ് നൗഫൽ.

‘16–ാം വയസ്സിൽ പ്രണയത്തിനായി ഇറങ്ങിവന്നു; വിശ്വസിച്ചവർ ലഹരിക്ക് അടിമയാക്കി ശരീരം വിറ്റ് പണമുണ്ടാക്കി’
‘‘ഇനിയുള്ള കാലം സന്തോഷമായി മുന്നോട്ടു പോകണം. കൊച്ചിയിൽ ഒരു ഷോപ്പ് തുടങ്ങുന്നതും ആലോചനയിലുണ്ട്, സിനിമയിൽ സജീവമാകണം. തുടർന്നങ്ങോട്ട് പ്രശ്നങ്ങളൊന്നുമില്ലാതെ പോകണമെന്നാണ് ആഗ്രഹം.’’ – അശ്വതി ബാബു പറഞ്ഞു.

പ്രണയിച്ച യുവാവിനൊപ്പം പതിനാറാം വയസിൽ ജീവിതസ്വപ്നം തേടി കൊച്ചിയിലെത്തിയ അശ്വതി വഞ്ചിക്കപ്പെട്ടതോടെ പല സാമൂഹിക വിരുദ്ധ ഇടപാടുകളിലും ചെന്നുപെടുകയായിരുന്നു. വിവാഹ വാഗ്ദാനം ചെയ്ത സുഹൃത്ത് ദുരുപയോഗം ചെയ്യുകയും മറ്റുള്ളവർക്കു കൈമാറി പണം സമ്പാദിച്ചെന്നും ഇവർ തുറന്നുപറഞ്ഞിരുന്നു. ഇവരെ ഉപയോഗിച്ചു സമ്പാദിച്ച പണം ഉപയോഗിച്ച് എറണാകുളം സൗത്തിൽ ട്രാവൽസ് ബിസിനസ് നടത്തുന്ന യുവാവിനെതിരെയാണ് അവർ അന്നു പ്രതികരിച്ചത്. ദുബായിൽ ലഹരിമരുന്നു കേസിൽ അറസ്റ്റിലായ ചരിത്രവും അശ്വതിക്കുണ്ട്.

ലഹരി ഉപയോഗിക്കുന്നത് അവസാനിപ്പിച്ചു സാധാരണ ജീവിതത്തിലേയ്ക്കു തിരിച്ചു വരുന്നതാണ് തന്റെ സ്വപ്നമെന്നും അന്ന് അശ്വതി പറഞ്ഞു. ഡോക്ടർമാരുടെ സഹായത്തോടെ ലഹരി മരുന്ന് ഉപേക്ഷിച്ച് അത് പൂർണമായും ഒഴിവാക്കുന്നതിനു ശ്രമിക്കുന്നതായി ഇവർ വെളിപ്പെടുത്തിയതും മാധ്യമ ശ്രദ്ധ നേടിയിരുന്നു. കുടുംബമായി ജീവിക്കണം എന്ന അതിയായ ആഗ്രഹവും ഇവർ പങ്കുവച്ചു.

26 വയസ് മാത്രം പ്രായമുള്ള അശ്വതിയെ സഹായിക്കുന്നതിനായി നിരവധിപ്പേർ മുന്നോട്ടു വന്നെങ്കിലും ദുരുപയോഗം ചെയ്യുന്നതു ലക്ഷ്യമിട്ടാണു പലരും വരുന്നതെന്നു മനസിലാക്കി ആ ബന്ധങ്ങളിൽ നിന്നു പിൻമാറുകയായിരുന്നു. അശ്വതിയെ വിവാഹം കഴിച്ച നൗഫലിനെ മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിന് അശ്വതിക്കൊപ്പം ഇക്കഴിഞ്ഞ ജൂലൈയിൽ കൊച്ചിയിൽ പിടികൂടിയതും വാർത്തയായിരുന്നു.

Advertisement