തിരുവനന്തപുരം: സംസ്ഥാനത്തെ കത്തോലിക്കാ സ്‌കൂളുകളിലെ ഹിജാബ് നിരോധനത്തില്‍ പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍. കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഹിജാബ് നിരോധനം നടപ്പാക്കിയത്. ഇതിനെതിരെ കഴിഞ്ഞ ദിവസം മുസ്ലീം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍, മുസ്ലീം യൂത്ത് ലീഗ്, സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ തുടങ്ങിയവര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി.
സംസ്ഥാനത്ത് ഇത് രണ്ടാമത്തെ സ്‌കൂളാണ് ഹിജാബ് നിരോധനം നടപ്പാക്കുന്നത്. കോഴിക്കോട്ടെ തന്നെ അപ്പോസ്തലിക് കാര്‍മല്‍ സതേണ്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്‌കൂളിലാണ് നേരത്തെ ഹിജാബ് നിരോധനം നടപ്പാക്കിയത്. ഓഗസ്റ്റ് 26നാണ് ഇവിടെ നിരോധന ഉത്തരവിറക്കിയത്.
സ്‌കൂള്‍ യൂണിഫോമിന്റെ ഭാഗമല്ലെന്ന് കാട്ടി പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഒരു പെണ്‍കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ വിലക്കുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ സ്‌കൂളിനെതിരെ പരാതി നല്‍കി. സ്‌കൂള്‍ തങ്ങളുടെ നിയമത്തില്‍ ഉറച്ച് നിന്നതോടെ പെണ്‍കുട്ടി സ്‌കൂളില്‍ നിന്ന് ടിസി വാങ്ങി പോയി.
ഇത്തരത്തില്‍ പെണ്‍കുട്ടിക്ക് ടിസി വാങ്ങി മറ്റൊരു സ്‌കൂളിലേക്ക് പോകേണ്ടി വന്നത് അവളുടെ മൗലികാവകാശ ലംഘനമാണെന്ന് മുസ്ലീം യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി. സ്‌കൂളിന്റെ ഇത്തരം നടപടിക്കെതിരെ മൗനമായിരിക്കുന്ന സര്‍ക്കാര്‍ കാട്ടുന്നത് കുറ്റകരമായ അനാസ്ഥയാണെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ മാസം മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ കൂറ്റന്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കും പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം നടപടി സംസ്ഥാനത്തിന്റെ മതേതര മുഖം നഷ്ടപ്പെടുത്തുമെന്നും പെണ്‍കുട്ടികയുടെ രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി. ഇത് വ്യക്തികളുടെ മത സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റുവുമാണ്. സ്‌കൂളില്‍ ഷാളും അനുവദനീയമല്ല.
ഏതായാലും വരും നാളുകളില്‍ സ്‌കൂളുകളുടെ ഇത്തരം നടപടികള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ക്ക് ഒരുങ്ങുകയാണ് മുസ്ലീം സംഘടനകള്‍.