കേരളത്തിലേക്ക് നിക്ഷേപവുമായി ഹിന്ദുജ ​ഗ്രൂപ്പ്

Advertisement

ലണ്ടൻ: ഇലക്ട്രിക് ബസ്സ് നിർമ്മാണം, സൈബർ രംഗം, ഫിനാൻസ് എന്നീ മേഖലകളിൽ ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തുമെന്ന് ഹിന്ദുജ ഗ്രൂപ്പ് കോ ചെയർമാൻ ഗോപി ചന്ദ് ഹിന്ദുജ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉറപ്പു നൽകി. തുടർ ചർച്ചകൾക്കായി ഗോപിചന്ദ് ഹിന്ദൂജ ഡിസംബർ അവസാനം കേരളം സന്ദർശിക്കും.

അതിനു മുന്നോടിയായ ചർച്ചകൾക്കായി മൂന്നംഗ ടീമിനെ ഹിന്ദുജ ചുമതലപ്പെടുത്തി.അശോക് ലൈലൻറ് ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ ഇപ്പോൾ കേന്ദ്രീകരിക്കുന്നുണ്ട് . കേരളത്തിൽ ഫാക്ടറി തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചാണ് പ്രത്യേക സംഘത്തെ അയക്കാൻ നിശ്ചയിച്ചത്. അനുയോജ്യമായ സ്ഥലം ഉൾപ്പെടെ ഈ സംഘം സന്ദർശനം നടത്തി നിർദേശിക്കും.

സൈബർ ക്രൈം നേരിടുന്നതിനുള്ള ആധുനിക സംവിധാനങ്ങൾ ഹിന്ദൂജ ഗ്രൂപ്പ് വികസിപ്പിച്ചിട്ടുണ്ട്‌. കേരളത്തിലെ ഐ ടി മാനവവിഭവശേഷി വിനിയോഗിക്കാൻ കഴിയുംവിധം കാമ്പസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ധനകാര്യം എന്നീ മേഖലകളിലും നിക്ഷേപ സാധ്യതകൾ പരിശോധിക്കും.മുഖ്യമന്ത്രിക്കൊപ്പം വ്യവസായ മന്ത്രി പി രാജീവ്, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം എ യൂസഫലി ,ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് , വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

മത്സ്യമേഖലയിൽ കേരളവുമായി സഹകരണത്തിന് നവീന പദ്ധതികൾ അവതരിപ്പിക്കാൻ നോർവെ ആസ്ഥാനമായുള്ള റെഡോക്‌സ് കമ്പനി പ്രതിനിധികൾ ഒക്‌ടോബർ 31 ന് എത്തും. ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാനുമായി റെഡോക്‌സ് പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും.മാരി കൾച്ചർ, അക്വാ കൾച്ചർ, ലൈവ് ഫിഷ് ട്രാൻസ്‌പോട്ടേഷൻ, വാട്ടർ ക്വാളിറ്റി മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും സഹകരണത്തിന് വഴിയൊരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഫിഷറീസ് മന്ത്രിയും നടത്തിയ നോർവെ സന്ദർശനത്തിനിടെ നടന്ന ചർച്ചകളിൽ കേരളത്തിലെ മത്സ്യമേഖലയുമായി സഹകരിക്കാൻ നോർവീജിയൻ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇതിൻറെ ഭാഗമായാണ് റെഡോക്‌സ് എത്തുന്നത്.നോർവേ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി മന്ത്രിയായ ജോർണർ സെൽനെസ്സ് സ്‌കെജറനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിൽ നാവിക ക്ലസ്റ്റർ രൂപപ്പെടുത്താനും ഫിഷറീസ് രംഗത്തും അക്വാ കൾച്ചർ രംഗത്തും പുതിയ പദ്ധതികൾ നടപ്പാക്കാനും എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ടെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ഈ മേഖലയിലെ കേരളത്തിന്റെ സാധ്യതകൾ നോർവെയിൽ നടന്ന ബിസിനസ് മീറ്റിൽ മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.

നിലവിൽ കേന്ദ്ര സർക്കാർ, വിവിധ സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുമായും രാജ്യത്തെ നിരവധി സ്വകാര്യ സംരംഭകരുമായി സഹകരിക്കുന്ന സ്ഥാപനമാണ് റെഡോക്‌സ്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ്‌വാട്ടർ അക്വാ കൾച്ചർ (സി ഐ ബി എ), സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റിയുട്ട് (സി എം എഫ് ആർ ഐ) എന്നീ സ്ഥാപനങ്ങളുമായി സഹകരിക്കുന്നുണ്ട്. റെഡോക്‌സിന്റെ ഒസോൺ ടെക്‌നോളജിയ്ക്ക് ലോകവ്യാപകമായ അംഗീകാരമുണ്ട്.
ചെറുകിട, ഇടത്തരം മത്സ്യകർഷകർക്ക് പ്രാപ്യമായ സാങ്കേതികവിദ്യയാണ് റെഡോക്‌സിന്റേത് എന്നതും പ്രധാനമാണ്. കേരളത്തിൽ കൂടുതൽ ചെറുകിട, ഇടത്തരം മത്സ്യ കർഷകരായതിനാൽ ഇത്തരത്തിലുള്ള സഹകരണം ഏറെ ഗുണം ചെയ്യുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.

Advertisement