തിരുവനന്തപുരം . കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഒരു സ്ത്രീയുടെ വോയിസ് ക്ലിപ്പും നിറപ്പകിട്ടുള്ള ഒരു പുഴുവിന്റെ ചിത്രവും വാട്‌സാപ്പ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ കാട്ടുതീ പോലെ പ്രചരിക്കുകയാണ്.
കാണാന്‍ ഏറെ കൗതുകമുള്ള പുഴുവെങ്കിലും കടിച്ചാല്‍ അഞ്ച് മിനിട്ടിനകം മരണം സംഭവിക്കുമെന്നാണ് വോയിസ് ക്ലിപ്പില്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഈ പുഴുവിനെ കണ്ടാല്‍ ഉടന്‍ ചുട്ടുകൊല്ലണമെന്നാണ് വോയിസ് ക്ലിപ്പിലെ നിര്‍ദേശം. കര്‍ണാടകത്തിലെ കരിമ്ബിന്‍ തോട്ടത്തില്‍ കണ്ടെത്തിയ പുഴുവിനെ കേരളത്തിലെ വടക്കന്‍ ജില്ലകളിലും കണ്ടുവരുന്നതായാണ് പറയുന്നത്.
എന്നാല്‍ ഈ വോയിസ് ക്ലിപ്പിലെ വിവരങ്ങളെല്ലാം തെറ്റാണെന്നാണ് ജീവശാസ്ത്ര മേഖലയിലെ പ്രമുഖ ഗവേഷകര്‍ പറയുന്നത്. കാണുന്നത് പാരാസ ലെ പി ഡ parasa Lepida എന്ന നിശാശലഭത്തിൻ്റെ ലാർവകളാണ് ‘ മാവിൻ്റെ ഇല തെങ്ങോല | എന്നിവയാണ് ഇവ കഴിക്കുന്നത് ‘ കീടങ്ങളായി പരിഗണിക്കുന്നു. ഇവ അപകടകാരികളല്ലെന്നും ഇത്തരം പ്രചരണങ്ങള്‍ ചില ജീവി വര്‍ഗങ്ങളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുമെന്നും പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ സൈനുദ്ദീന്‍പട്ടാഴി പറഞ്ഞു. ഇവയിലേറെയും പരാഗണത്തിന് സഹായിക്കുന്ന ചിത്രശലഭങ്ങളുടെ ലാര്‍വകളാണ്.
പലപ്പോഴും കരിമ്ബിന്‍ത്തോട്ടത്തില്‍ കാണപ്പെടുന്ന പ്രാണിയാണ് മരണകാരണമെന്ന് കാട്ടി പുഴുവിന്റെ ചിത്രവും മനുഷ്യന്റെ മൃതദേഹവും സഹിതമുള്ള സന്ദേശമാണ് പ്രചരിച്ചിരുന്നത്. കാറ്റര്‍പില്ലര്‍ ഇനത്തില്‍പ്പെടുന്ന പുഴുവിനെ സംബന്ധിച്ച പ്രചരണമാണ് കര്‍ഷകരില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നത്.
നിരവധി കാര്‍ഷിക വിദഗ്ധരും ശാസ്ത്രജ്ഞരും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാറ്റര്‍പില്ലറിനെക്കുറിച്ച് സ്വന്തം വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തില്‍, ഈ പുഴു അപകടകരമല്ലെന്നും മരണത്തിന് കാരണമാകില്ലെന്നുമാണ് പറയപ്പെടുന്നത്.
‘മനുഷ്യര്‍ സ്പര്‍ശിച്ചാല്‍ കാറ്റര്‍പില്ലറുകള്‍ മറ്റു പുഴുക്കളെ പോലെ തന്നെ ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടാക്കും, അതിന് കാരണം അതിന്റെ രോമ അഗ്രങ്ങളെല്ലാം കൂര്‍ത്തിരിക്കുന്നത് കൊണ്ടാണ്. അത് മനുഷ്യശരീരത്തില്‍ തുളഞ്ഞുകയറുകയും ചെറിയ വേദനയും ചൊറിച്ചിലും അനുഭവപ്പെടും. എന്നാല്‍ മരണത്തിന് കാരണമാകുന്നില്ല. ലോകത്ത് ഇതുവരെയും കാറ്റര്‍പില്ലറുകള്‍ കടിച്ചോ സ്പര്‍ശിച്ചോ മനുഷ്യന്‍ പോയിട്ട് ഒരു ജീവി പോലും മരിച്ചിട്ടില്ല’ ശാസ്ത്രജ്ഞര്‍ പറഞ്ഞു.
കര്‍ഷകരുടെ ഇടയില്‍ ഇത്തരം പ്രചാരണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ഇതാദ്യമായല്ല. കര്‍ഷകരെയും അവരുടെ സുരക്ഷയെയും സംബന്ധിക്കുന്ന പോസ്റ്റുകള്‍ ആയതിനാല്‍ അവ നിമിഷനേരം കൊണ്ട് വൈറലാവുന്നു. ഈ ഇനം കാറ്റര്‍പില്ലറുകളെ കണ്ടെത്തുന്നത് അത്ര എളുപ്പമല്ല. പശ്ചിമഘട്ടത്തിന്റെ ഏതാനും ഭാഗങ്ങളില്‍ ഉള്‍ കാടുകളില്‍ ആണ് അവയെ കൂടുതലായി കാണപ്പെടുന്നത്. വളരെ അപൂര്‍വ്വമായാണ് ഈ പ്രാണികളെ കരിമ്ബ് പാടങ്ങളില്‍ കാണാന്‍ കഴിയുന്നത്.
മൃഗങ്ങളെയോ പ്രാണികളെയോ ഇത്തരം പ്രചരണങ്ങള്‍ വിശ്വസിച്ച് ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്ന സംഭവവികാസങ്ങള്‍ ഉണ്ടാകുന്നതിനാല്‍ സോഷ്യല്‍മീഡിയയിലെ വ്യാജപ്രചരണങ്ങള്‍ക്കെതിരെ പൊലീസ് നടപടി എടുക്കണം,’ ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നു.