പത്തനംതിട്ട: ഇലന്തൂരിൽ നരബലിനടന്ന വീടിനു സമീപം എട്ട് വർഷം മുൻപ് സ്ത്രീ കൊല്ലപ്പെട്ടതിൽ ദുരൂഹത സംശയിച്ച് ബന്ധുക്കൾ. നെല്ലിക്കാലാ സ്വദേശിനി സരോജിനിയുടെ മൃതദേഹം പന്തളം ഉള്ളന്നൂരിലെ വഴിയരികിൽനിന്നാണു ലഭിച്ചത്. ദേഹമാസകലമുള്ള മുറിവിലൂടെ രക്തം വാർന്ന നിലയിലായിരുന്നു.
2014 സെപ്റ്റംബർ 14ന് രാവിലെയാണ് നെല്ലിക്കാലാ സ്വദേശിനി 60 വയസുള്ള സരോജിനിയുടെ മൃതദേഹം വഴിയരികിൽ കാണുന്നത്. ദേഹമാസകലം 46 മുറിവുകൾ കണ്ടെത്തി. മിക്കതും ഇരു കൈകളിലുമായിരുന്നു. ഒരു കൈ അറ്റനിലയിലായിരുന്നു. രക്തം പൂർണമായും വാർന്നുപോയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് പുതിയ സംശയം ഉടലെടുക്കുന്നത്.
നരബലി നടന്ന വീടിൻറെ ഒന്നര കിലോമീറ്റർ മാറിയാണ് സരോജിനിയുടെ വീട്. മൃതദേഹം കുളിപ്പിച്ച നിലയിൽ ആയിരുന്നുവെന്ന് മകൻ ആരോപിക്കുന്നു. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ആദ്യഘട്ടത്തിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ പിഴവാണ് പ്രതിയെ കണ്ടെത്താൻ കഴിയാതെ പോയതിന് കാരണമെന്നും ആരോപണമുണ്ട്. ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിൽ കേസിനെ ആ ദിശയിലും പരിശോധിക്കാമെന്നു പൊലീസ് പറയുന്നു. പ്രത്യക്ഷത്തിൽ ഇതിനുള്ള തെളിവുകളില്ലെന്നാണ് വിവരം.