കോട്ടയം: ടൂറിസ്റ്റ് ബസുകൾക്കു വെള്ള പെയിന്റടിക്കാൻ സർക്കാർ നിർദേശം വന്നതോടെ ബസുകൾ വർക്‌ഷോപ്പുകളിലേക്കു മാറ്റുന്ന തിരക്കിലാണ് തൊഴിലാളികളും ഉടമകളും. ബസുകൾ ജൂണിലെ ഫിറ്റ്നസ് ടെസ്റ്റിനു മുൻപ് വെള്ള പെയിന്റടിക്കണമായിരുന്നു. എന്നാൽ പലരും അതത്ര കാര്യമായി എടുത്തില്ല. വടക്കാഞ്ചേരി അപകടത്തെ തുടർന്ന് ഹൈക്കോടതി ഇടപെട്ടതോടെ സാഹചര്യം മാറി.
ജില്ലയിലെ ടൂറിസ്റ്റ് ബസുകൾ കൂടുതലായും പെയിന്റടിക്കുന്നത് അയർക്കുന്നം, മൂവാറ്റുപുഴ മേഖലകളിലെ വർക്‌ഷോപ്പുകളിലാണ്. ഒരേസമയം കൂട്ടത്തോടെ പെയിന്റിങ്ങിന് ബസുകൾ എത്തിക്കുന്നതോടെ മൂന്നാഴ്ചയെങ്കിലും കഴിഞ്ഞാലേ നിരത്തിലിറക്കാൻ കഴിയൂ. ഒരു ബസിന് 50,000 രൂപ മുതൽ 75,000 രൂപ വരെയാണു ചെലവ്.
നിർദേശങ്ങൾ ഇങ്ങനെ
∙ 20 സീറ്റ് മുതലുള്ള വാഹനങ്ങൾക്കാണു നിലവിൽ പെയിന്റിങ് ചട്ടം ബാധകം.
∙ പൂർണമായും വെള്ള നിറമടിച്ചു വയലറ്റ്, ഗോൾഡ് നിറമുള്ള റിബൺ ഇരു വശങ്ങളിലും വരയ്ക്കണമെന്നാണു ചട്ടം.
∙ വയലറ്റ് നിറം 10 സെന്റിമീറ്റർ വീതിയിലും ഗോൾഡ് നിറം 3 സെന്റിമീറ്റർ വീതിയിലും വരയ്ക്കണം.
∙ ബസിന്റെ പേരു മുൻവശത്തു താഴെ നിന്നു 12 ഇഞ്ച് മുകളിലായി എഴുതണം.
∙ ബസ് ഉടമയുടെയും ഓപ്പറേറ്ററുടെയും വിവരം ബസിനു പിറകിൽ താഴ്ഭാഗത്തായി രേഖപ്പെടുത്തണം.
വിദ്യാർഥികളുടെ വിനോദയാത്രകൾക്കു കൂടുതലായും ബുക്കിങ് കിട്ടിയിരുന്നത് പേരുകേട്ട ബസുകൾക്കായിരുന്നു. കാതടപ്പിക്കുന്ന ശബ്ദ, പ്രകാശ സംവിധാനവുമുള്ള ബസുകൾക്കായിരുന്നു ഡിമാൻഡ്. എന്നാൽ, ഒരേ നിറവും സൗകര്യങ്ങളുമാകുന്നതോടെ എല്ലാ ബസുകൾക്കും ഓട്ടം ലഭിക്കുമെന്ന ആശ്വാസം തൊഴിലാളികൾ പങ്കുവയ്ക്കുന്നു.