തിരുവനന്തപുരം: ഭാര്യ ഒപ്പമില്ലാതിരുന്ന സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ തന്നെ അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടുപോയെന്നും ഈ ബെഡ്റൂമില്‍ എനിക്കൊപ്പം നീയുണ്ടാവണമെന്നാണ് എന്റെ ആഗ്രഹമെന്ന് പറഞ്ഞതായും ’ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥയില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. പുസ്തകം പുറത്തിറങ്ങി. ശിവശങ്കറിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും സ്വപ്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒരുമിച്ചുള്ള ഒരു യാത്രാസമയത്ത് കാലുകള്‍ കാട്ടാന്‍ പറഞ്ഞ ശിവശങ്കര്‍ തന്റെ കാലുകള്‍ രണ്ടും കൈയ്യിലെടുത്ത് സ്വര്‍ണക്കൊലുസുകള്‍ അണിയിച്ചെന്നും വെളിപ്പെടുത്തി. മാസത്തില്‍ രണ്ടുതവണ യാത്ര ചെയ്യണമെന്നും ഒരുമിച്ച് കഴിയണമെന്നും അതില്‍ സെക്സ് പാടില്ലെന്നും ശിവശങ്കര്‍ പറഞ്ഞിരുന്നു. ഔദ്യോഗിക മീറ്റിംഗുകളുടെ പേരില്‍ തെക്കേ ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ ചുറ്റിക്കറങ്ങി. തനിക്ക് ഇവിടെയെല്ലാം അധികാരമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
ഒരേ മുറിയില്‍ ഒരേ കട്ടിലില്‍ അദ്ദേഹം തന്നെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങും. സ്നേഹത്തോടെ എന്റെ നെറ്റിയിലും കവിളിലുമൊക്കെ ഉമ്മവയ്ക്കും. പിന്നെ കഥ കേള്‍ക്കലും കളളുകുടിയുമാണ്. കേരളം വിട്ടുകഴിഞ്ഞാല്‍ റോഡിലൂടെ തന്റെ കൈപിടിച്ച് നടക്കും. കേരളത്തിലെ റോഡില്‍ എനിക്കിത് പറ്റില്ലല്ലോ പാര്‍വതീ എന്ന് അദ്ദേഹം ഇടയ്ക്കിടെ പറയും.
യാകത്രകളില് കാല്പനികനായ കാമുകനായിരുന്നു അദ്ദേഹം. മാളുകളില്‍ യുവ
ദമ്പതികള്‍ക്കിടയിലൂടെ എന്നെ ചേര്‍ത്തുപിടിച്ച് നടക്കുന്നതില്‍ അദ്ദേഹം പ്രത്യേകം സന്തോഷം കണ്ടെത്തി. ഹോട്ടല്‍ മുറികളില്‍ ഒരുമിച്ചിരിക്കുമ്പോള്‍ ഞാന്‍ ജനിക്കും മുമ്പുളള മലയാള ഗാനങ്ങള്‍ കേള്‍ക്കും. മകളെ ഏത് കോളേജില്‍ ചേര്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചതും ശിവശങ്കറാണ്.
അദ്ദേഹത്തിന്റെ വിവിധ പദ്ധതികള്‍ക്ക് കോണ്‍സുലേറ്റിന്റെ ആളെന്ന നിലയില്‍ തന്നെ പരിചയപ്പെടുത്തിയിരുന്നു. അധികജോലികള്‍ക്ക് കോണ്‍സുലേറ്റില്‍ നിന്ന് ലഭിച്ചിരുന്ന പണം ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫിക്സഡ് ഡെപ്പോസിറ്റാക്കിയത്. ലൈഫ് മിഷന് ഉള്‍പ്പെടെയുളള പദ്ധതികളിലൂടെ നല്ലൊരു വരുമാനം സ്വന്തമാക്കി നാട്ടിലുള്ളതെല്ലാം ഭാര്യയ്ക്ക് വിട്ടുകൊടുത്ത് വി.ആര്.എസ് എടുത്ത് ദുബായില്‍ സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിരുന്നു. പതിമൂന്ന് അദ്ധ്യായങ്ങളുളള പുസ്തകത്തില്‍ ശിവശങ്കര്‍ സാമ്ബത്തിക ക്രമക്കേടുകള്‍ നടത്തിയെന്നും ആരോപിക്കുന്നു.
താനുമായുളള ബന്ധം ശിവശങ്കര്‍ ഭാര്യയോട് പറഞ്ഞപ്പോള്‍ അവര്‍ യാതൊരു വിഷമവും കൂടാതെ ആശംസിച്ചു. ആ കുട്ടിയില്‍ എന്തെങ്കിലും മേന്മ ഉണ്ടായിട്ടാകുമല്ലോ സ്വീകരിക്കുന്നത് എന്നാണ് പറഞ്ഞത്. ഇതിനുശേഷം ശിവശങ്കര്‍ വീട്ടില്‍ നിന്ന് ഹെതര്‍ അപ്പാര്‍ട്ട്മെന്റില്‍ ഫ്ലാറ്റെടുത്ത് അങ്ങോട്ടേക്ക് മാറി. പിന്നീടുളള കൂടിക്കാഴ്ചകളെല്ലാം ഫ്ലാറ്റിലാണ് നടന്നത്.
ചെന്നൈയിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പോകണമെന്ന് ഒരുദിവസം ശിവശങ്കര്‍ പറഞ്ഞു. സാരി വാങ്ങിത്തരാമെന്നും ഒരു ബ്ലൗസ് കൂടി കൊണ്ടുവരണമെന്നും പറഞ്ഞു. പതിനൊന്നായിരം രൂപയുടെ കസവുമുണ്ടും നേര്യതും വാങ്ങി തന്നു. അതൊക്കെയുടുത്ത് ക്ഷേത്രത്തില്‍ പോയപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തി അദ്ദേഹമൊരു താലിയെടുത്ത് കഴുത്തില്‍ കെട്ടി. മാലയിട്ടതും താലികെട്ടിയതും സ്വന്തം സന്തോഷത്തിനെന്നാണ് ശിവശങ്കര്‍ പറഞ്ഞത് എന്നാണ് സ്വപ്ന പുസ്തകത്തിൽ വിവരിക്കുന്നത്.