ന്യൂഡൽഹി: സ്വർണക്കടത്തു കേസിൽ സൂപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സംസ്ഥാന സർക്കാർ. സ്വർണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരെ രാഷ്ട്രീയ വിമർശനം ഒഴിവാക്കിയും സ്വപ്ന സുരേഷിനെ രൂക്ഷമായി വിമർശിച്ചുമാണ് സത്യവാങ്മൂലം. അന്വേഷണം സർക്കാരിനെ അപകീർത്തിപ്പെടുത്താനാണെന്നാണ് ആരോപണം. സ്വർണക്കടത്ത് കേസിൽ ഉന്നതർക്കെതിരെ സ്വപ്ന സുരേഷ് നടത്തുന്ന ആരോപണങ്ങൾക്ക് പിന്നിൽ ബാഹ്യ സമ്മർദവും ഗൂഢലക്ഷ്യവുമുണ്ടെന്നു സത്യവാങ്മൂലത്തിൽ പറയുന്നു.
ഇഡി പന്ത്രണ്ട് തവണ മൊഴി രേഖപ്പെടുത്തിയപ്പോഴും ഉന്നയിക്കാത്ത ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഇപ്പോൾ മജിസ്‌ട്രേട്ടിനു മാധ്യമങ്ങൾക്കും മുന്നിൽ പറയുന്നതെന്നും സത്യവാങ്മൂലത്തിൽ ആരോപിച്ചിട്ടുണ്ട്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.വി.വേണു ആണ് സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട ഇഡിയുടെ നടപടിക്രമങ്ങളെ മാത്രമാണ് ഇതിൽ വിമർശിച്ചിരിക്കുന്നത്, രാഷ്ട്രീയ വിമർശനങ്ങളില്ല.