തിരുവനന്തപുരം: കേരള സർവകലാശാല വിസി നിർണയ സമിതിയിലേക്ക് പ്രതിനിധിയെ തീരുമാനിക്കാനുള്ള സെനറ്റ് യോഗം ക്വാറം തികയാത്തതിനെ തുടർന്ന് പിരിഞ്ഞ സംഭവത്തിൽ കടുത്ത നടപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ചാൻസലർ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ ഗവർണർ പിൻവലിച്ചു.
ഗവർണറുടെ അന്ത്യശാസന മറികടക്കാനായാണ് അംഗങ്ങൾ യോഗത്തിൽ നിന്നു വിട്ടുനിന്നത്. പിന്നാലെയാണ് ഗവർണറുടെ അസാധാരണ നടപടി. 15 അംഗങ്ങളെയാണ് പിൻവലിച്ചത്. ഇന്നു മുതൽ ഇവർ അയോഗ്യരാണെന്ന് കാണിച്ച് ഗവർണർ വിസിക്ക് കത്ത് നൽകി.
ക്വാറം തികയാതെ പിരിഞ്ഞതിനെ തുടർന്നു യോഗത്തിൽ ആരൊക്കെ പങ്കെടുത്തു പങ്കെടുത്തില്ല എന്ന കാര്യം വിസിയോട് ഗവർണർ അന്വേഷിച്ചിരുന്നു. പട്ടിക പരിശോധിച്ചപ്പോൾ നോമിനികളായ അംഗങ്ങളിൽ മൂന്ന് പേർ മാത്രമാണ് പങ്കെടുത്തതെന്ന് കണ്ടെത്തി. ഇതോടെയാണ് യോഗത്തിൽ പങ്കെടുക്കാത്ത നോമിനികളെ പിൻവലിക്കാൻ അദ്ദേഹം തീരുമാനം എടുത്തത്.
പൻവലിക്കപ്പെട്ട അംഗങ്ങളിൽ അഞ്ച് പേർ സിന്റിക്കേറ്റ് അംഗങ്ങൾക്കൂടിയാണ്. ആ സ്ഥാനവും അവർക്ക് നഷ്ടമാകും.
അടുത്ത മാസം നാലിന് സെനറ്റ് യോഗം ചേർന്ന് പ്രതിനിധിയെ നിശ്ചയിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഉന്നത് വിദ്യാഭ്യാസ മന്ത്രിയും വിസിയും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനൊന്നും കാത്തു നിൽക്കാതെയാണ് ഗവർണറുടെ അപൂർവ നടപടി.