വിമാനമിറങ്ങി വീട്ടിലേക്ക് പോകും വഴി ബസപകടം: പ്രവാസി വനിതയ്ക്ക് ദാരുണാന്ത്യം

Advertisement

അങ്കമാലി: എറണാകുളം അങ്കമാലിയിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു.മലപ്പുറം ചെമ്മാട് സ്വദേശി സെലീന ഷാഫിയാണ് മരിച്ചത്. 38 വയസായിരുന്നു.

രാവിലെ 5.45 ഓടെ അങ്കമാലി കെഎസ്ആ‍ർടിസി ബസ് സ്റ്റാൻഡിന് മുൻ വശത്തായിരുന്നു അപകടം. സ്റ്റാൻഡിലേക്ക് കയറുകയായിരുന്ന കെഎസ്ആർടിസി ലോ ഫ്ലോർ ബസിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിലെ ചില്ല് തകർന്ന് പിൻവശത്തിരുന്ന യാത്രക്കാരിയായ സെലീന ഷാഫി റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സെലീനയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൗദിയിൽ നിന്ന് ഇന്നലെ രാത്രിയോടെ മടങ്ങിയെത്തിയ സെലീന ബന്ധുക്കൾക്കൊപ്പം നാട്ടിലേക്കുള്ള യാത്രക്കിടയിലാണ് അപകടത്തിനിരയായി മരിച്ചത്. ബെംഗളൂരുവിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസും കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോ ഫ്ളോർ ബസുമാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ആർടിസി ലോ ഫ്ളോർ ബസിൽ മലപ്പുറത്തേക്കുള്ള യാത്രയിലേക്കായിരുന്നു സെലീന. ബസിൽ ഒപ്പമുണ്ടായിരുന്ന സെലീനയുടെ ബന്ധുവിന് അപകടം നേരിൽ കണ്ടതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

Advertisement