കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരു വിദ്യാർഥിയുടെ മൃതദേഹം കിട്ടി

Advertisement

തിരുവനന്തപുരം: കരമനയാറ്റിൽ‍ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കിട്ടി. പാപ്പാട് സ്വദേശികളായ ജയരാജിന്റെയും മഞ്ജുവിന്റെയും മകനും ഒൻപതാം ക്ലാസ് വിദ്യാർഥിയുമായ ജിബിത്തിന്റെ മൃതദേഹമാണ് ലഭിച്ചത്. ജിബിത്തിനൊപ്പം കാണാതായ വാഴോട്ടുകോണം വയലിക്കട വാറുവിള വീട്ടിൽ അനിഷയുടെ മകൻ നിരഞ്ജനായി തിരച്ചിൽ തുടരുകയാണ്.

വട്ടിയൂർക്കാവ് ആയിരവല്ലി ക്ഷേത്രക്കടവിനു സമീപം സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ഇരുവരും ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ഒഴുക്കിൽപ്പെട്ടത്. കുട്ടികൾ മുങ്ങിത്താഴുന്നതു കണ്ട് സമീപത്തുണ്ടായിരുന്ന സുഹൃത്തുക്കളാണ് നാട്ടുകാരെ വിവരം അറിയിച്ചത്.

വട്ടിയൂർക്കാവ് പൊലീസും ചെങ്കൽച്ചൂള അഗ്നിശമന സേനാ സംഘവും സ്കൂബ സംഘവും തിരച്ചിൽ നടത്തി. രണ്ടു മണിക്കൂറിലധികം തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ ഒഴുക്കും പ്രദേശത്തെ വെളിച്ചക്കുറവും കാരണം തിരച്ചിൽ അവസാനിപ്പിച്ചു. ഇന്നു രാവിലെയാണ് തിരച്ചിൽ പുനരാരംഭിച്ചത്.