ഭാര്യയുടെ കൈ വെട്ടിയ കേസിലെ പ്രതിയായ ഭ‍ർത്താവ് തൂങ്ങിമരിച്ച നിലയിൽ

Advertisement

കോട്ടയം : കോട്ടയം കാണക്കാരിയിൽ ഭാര്യയുടെ കൈവെട്ടിയ കേസിലെ പ്രതിയായ ഭ‍ർത്താവ് തൂങ്ങിമരിച്ച നിലയിൽ. കാണക്കാരി സ്വദേശി പ്രദീപിനെയാണ് രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അരീക്കരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രദീപ്, ഭാര്യ മഞ്ജുവിന്റെ ഇരു കൈകളും വെട്ടിയ ശേഷം ഒളിവിൽ പോയത്.

ഒക്ടോബ‍ർ 14 നാണ്, മദ്യപിച്ചെത്തിയ പ്രദീപ് വഴക്കിനിടെ ഭാര്യയെ വെട്ടിയത്. ഒരു കൈ അറ്റുതൂങ്ങുകയും വലത് കൈയിലെ മൂന്ന് വിരലുകൾ അറ്റുപോവുകയുമുണ്ടായി. ചുണ്ടിനും പുറത്ത് തോളെല്ലിനും വെട്ടേറ്റു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് മഞ്ജു.

മദ്യപിച്ച് ഭാര്യയുമായി പ്രദീപ് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. മഞ്ജുവിനെ വെട്ടുന്നത് കണ്ട് തടസം പിടക്കാനെത്തിയ പത്ത് വയസുകാരി മകളെയും പ്രദീപ് ആക്രമിച്ചിരുന്നു. സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞ പ്രദീപിനായി പൊലീസ് തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.