ചികിത്സയ്ക്കായി ശിക്ഷാവിധി മരവിപ്പിച്ച്‌ ജാമ്യം നൽകണമെന്ന് ആറ്റിങ്ങൽ കൊലക്കേസ് പ്രതി അനുശാന്തി സുപ്രീംകോടതിയിൽ

Advertisement

തിരുവനന്തപുരം: കണ്ണിന് ഗുരുതര രോഗം ബാധിച്ചതിനാൽ ശിക്ഷാവിധി മരവിപ്പിച്ച്‌ ജാമ്യം നൽകണമെന്ന ആവശ്യവുമായി ആറ്റിങ്ങൽ കൊലക്കേസ് പ്രതി അനുശാന്തി.

സുപ്രീംകോടതിയിൽ അനുശാന്തിയുടെ അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യമുള‌ളത്. 2014 ഏപ്രിലിൽ സ്വന്തം മകൾ സ്വാസ്‌തികയെയും ഭർത്താവിന്റെ അമ്മയായ ഓമനയെയും കാമുകൻ നിനോ മാത്യുവിനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ കേസിലാണ് അനുശാന്തി ശിക്ഷിക്കപ്പെട്ടത്.

വനിതാ ജയിലിൽ ഇരട്ട ജീവപര്യന്തം അനുഭവിക്കുന്ന അനുശാന്തി മുൻപ് നേത്രരോഗത്തിന് ചികിത്സയ്‌ക്കായി പരോൾ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. രണ്ട് മാസത്തെ പരോൾ സുപ്രീംകോടതി അനുവദിക്കുകയും ചെയ്‌തു. സർക്കാരിന്റെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ് ഇവർക്ക് കോടതി പരോൾ അനുവദിച്ചത്. ചികിത്സയ്‌ക്ക് ശേഷം ജയിലിൽ എത്തിയ അനുശാന്തിയ്‌ക്ക് മയോപ്യ എന്ന രോഗമുണ്ടെന്നും ഒരു കണ്ണിന്റെ കാഴ്‌ച പോയതായും ചികിത്സ കിട്ടിയില്ലെങ്കിൽ രണ്ടാമത്തെ കണ്ണിന്റെ കാഴ്‌ച നഷ്‌ടമാകുമെന്നുമാണ് കോടതിയിൽ അഭിഭാഷകൻ ഇപ്പോൾ അറിയിച്ചത്.

കാമുകനും സഹപ്രവർത്തകനുമായ നിനോ മാത്യുവിനുമൊപ്പം ജീവിക്കാനാണ് ഇയാളുടെ പിന്തുണയോടെ ടെക്‌നോപാർക്ക് ജീവനക്കാരിയായ അനുശാന്തി നാല് വയസുകാരിയായ മകൾ സ്വാസ്‌തികയെയും അമ്മായിയമ്മ ഓമനയെയും കൊലപ്പെടുത്തിയത്. ഭർത്താവായ ലിജീഷ് വധശ്രമത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതി നീനോ മാത്യുവിന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു, അനുശാന്തിയ്‌ക്ക് ഇരട്ട ജീവപര്യന്തവും. 2016 ഏപ്രിലിലാണ് അനുശാന്തിയെ കോടതി ശിക്ഷിച്ചത്.

Advertisement