എന്താ നിന്‍റെ പ്രശ്നം ..പേര് ബാലകൃഷ്ണന്‍.. അതാ നിന്‍റെ പ്രശ്നം, ബസിന്‍റെ കളറുമാറ്റി റോഡ് അപകടം കുറയ്ക്കുമ്പോള്‍, മുരളിതുമ്മാരുകുടി എഴുതുന്നു

Advertisement

മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്ന സിനിമയില്‍ ‘എന്താ നിന്റെ പ്രശ്‌നം’ എന്ന ഇന്നസെന്റിന്റെ ചോദ്യത്തിന് സായ് കുമാര്‍ പറയുന്നു -‘എന്റെ പേര് ബാലകൃഷ്ണന്‍’.
അപ്പോള്‍ വീണ്ടും ഇന്നസെന്റിന്റെ ചോദ്യം ‘ അതാ നിന്റെ പ്രശ്‌നം?’

പാലക്കാട് ഒരു ടൂറിസ്റ്റ് ബസ്, ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ ഇടിച്ച് എറെപ്പേര്‍ മരിക്കുന്നു. ബസ് അമിതവേഗതയില്‍ ആണെന്നും വേഗത പരിധി ലംഘിച്ചതായും ബസുടമയ്ക്ക് സന്ദേശം അയച്ചതായി പറയുന്നു. ബസ് ഡ്രൈവര്‍ ഇതിന് മുന്‍പ് നിന്നുകൊണ്ട് ബസോടിക്കുന്ന വീഡിയോ അപകടശേഷം പുറത്തുവരുന്നു.

കുട്ടികളാണ് മരിച്ചത്. സമൂഹത്തിന് ഏറെ ദേഷ്യമുണ്ട്. എവിടെയോ എന്തൊക്കെയോ കുഴപ്പമുണ്ട്. എന്നാല്‍ പിന്നെ നടപടി എടുത്തേക്കാം. ടൂറിസ്റ്റ് ബസുകളുടെ കളര്‍ മാറ്റാം!
എന്റെ ബാലകൃഷ്ണാ, എന്താ ശരിക്കും നിന്റെ പ്രശ്‌നം?

ബസിന്റെ കളറും അപകടവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് ഒരു പഠനവും തെളിയിച്ചിട്ടില്ല. ഒരു ബസിന് അപകടം ഉണ്ടാകുമ്‌ബോള്‍ എല്ലാ ബസും കളറുമാറ്റി റോഡില്‍ ഇറങ്ങിയാല്‍ മതിയെന്ന് പറയുന്നത് കളക്ടീവ് പണിഷ്‌മെന്റ് ആണ്.

ഒറ്റപ്പെട്ട സംഭവങ്ങളുടെ വെളിച്ചത്തില്‍ ആര്‍ക്കും കുതിരകയറാന്‍ വിധിക്കപ്പെട്ടവരാണ് ടൂറിസ്റ്റ് ബസുകളും ലോംഗ് ഡിസ്റ്റന്‍സ് സ്വകാര്യ ബസുകളും. കോവിഡ് കാലത്ത് നടുവൊടിഞ്ഞു പോയ വ്യവസായമാണ് ടൂറിസം. അതിന്റെ ജീവനാഡിയാണ് ടൂറിസ്റ്റ് ബസുകള്‍. അതിന് ജീവന്‍ വച്ചു വരുന്ന കാലത്ത് അവരെ വീണ്ടും ബുദ്ധിമുട്ടിക്കരുത്.

ഒരു വര്‍ഷത്തില്‍ നാല്പതിനായിരത്തോളം റോഡപകടങ്ങള്‍ ആണ് കേരളത്തില്‍ നടക്കുന്നത്. അതില്‍ നാലായിത്തോളം ആളുകള്‍ മരിക്കുന്നു. ഇന്നു ലഭ്യമായ സാങ്കേതികവിദ്യയും നല്ല ഡ്രൈവിംഗ് സംസ്‌കാരവും ഉണ്ടെങ്കില്‍ മരണനിരക്ക് ഇന്നത്തേതില്‍ പകുതിയാക്കാം.

അതായത് ഓരോ വര്‍ഷവും രണ്ടായിരം ആളുകളുടെ ജീവന്‍ രക്ഷിക്കാം. ഒരു സര്‍ക്കാരിന്റെ കാലത്ത് പതിനായിരം ജീവന്‍! 2018ലെ മഹാപ്രളയത്തില്‍ പോയത് അഞ്ഞൂറില്‍ താഴെ ജീവനാണ്. അതിന്റെ നാലിരട്ടി ഓരോ വര്‍ഷവും രക്ഷിക്കാനാവും!

റോഡ് കുരുതിക്കളമാകാതിരിക്കാന്‍ ചെയ്യേണ്ട അനവധി കാര്യങ്ങള്‍ ഉണ്ട്. സര്‍ക്കാര്‍ നിയമങ്ങളിലും സുപ്രീം കോടതി നിയമിച്ച കമ്മിറ്റി നിര്‍ദ്ദേശങ്ങളിലും ഇതൊക്കെയുണ്ട്. പോരാത്തതിന് അന്തര്‍ദേശീയമായ നല്ല പാഠങ്ങള്‍ ഉണ്ട്. അതൊക്കെ നടപ്പിലാക്കിയാല്‍ മതി. അടുത്ത അഞ്ചു വര്‍ഷത്തിനകം മരണം പകുതിയാകും. അല്ലെങ്കില്‍ ബസിന്റെ കളറുമാറിയാലും റോഡ് കുരുതിക്കളമായി തുടരും.

(മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് കുറിപ്പില്‍നിന്ന്)

Advertisement