തിരുവനന്തപുരം മുട്ടത്തറയിലെ സ്വീവേജ് പ്ലാന്റിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. തമിഴ്നാട്ടിലെ ഗുണ്ടാനേതാവിനെ കൊന്ന് കഷണങ്ങളാക്കി പലയിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 ന് മുട്ടത്തറയിലെ മാലിന്യസംസ്കരണ പ്ലാന്‍റിലെ കിണറ്റില്‍ രണ്ടു മനുഷ്യക്കാലുകള്‍ കണ്ടെത്തിയിരുന്നു. മുറിച്ചുമാറ്റപ്പെട്ട ഈ കാലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കൊടുംക്രൂര കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. കുടിപ്പകയുടെ പേരില്‍ തമിഴ്നാട്ടിലെ ഗുണ്ടാ നേതാവ് കനിഷ്കറിനെ കൊന്ന് വെട്ടിനുറുക്കി തിരുവനന്തപുരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. തിരുവനന്തപുരം മുട്ടത്തറ സ്വദേശികളായ മനു രമേശ്, ഷെഹിൻ ഷാ എന്നിവരാണ് കൊടുംപാതകത്തിന് പിന്നില്‍. ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്ത പ്രതികളുമായി വലിയതുറ പൊലീസ് കൊല നടന്ന മനു രമേശിന്റെ വീട്ടിലും സമീപ പ്രദേശങ്ങളിലും തെളിവെടുപ്പ് നടത്തി. തെളിവെടുപ്പില്‍ കൂടുതല്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. തമിഴ്നാട്ടില്‍ നിന്ന് മറ്റൊരാള്‍ മുഖേന കനിഷ്കകറിനെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. കേസിലെ അന്തർസംസ്ഥാന ബന്ധവും കൂടുതലാളുകളുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്
കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കൊല്ലപ്പെട്ട ഗുണ്ടാനേതാവും അറസ്റ്റിലായവരും നിരവധിക്കേസുകളിലെ പ്രതിയാണെന്നും പൊലിസ് അറിയിച്ചു