കൊച്ചി: കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിൽ ഹൈക്കോടതി ഇടപെടൽ. കേരള സർവകലാശാല സെനറ്റിൽ നിന്നു നീക്കിയവർക്കു പകരം പുതിയ അംഗങ്ങളെ നിയമിക്കരുതെന്നു ചാൻസലർ കൂടിയായ ഗവർണർക്കു ഹൈക്കോടതി നിർദേശം നൽകി.
നീക്കം ചെയ്യപ്പെട്ട സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിലാണു ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്. അംഗങ്ങളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാമെന്നു ചാൻസലറുടെ അഭിഭാഷകൻ അറിയിച്ചു.
വിസി നിയമനത്തിനുള്ള സേർച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കാൻ മുൻപു വിളിച്ച സെനറ്റ് യോഗത്തിൽനിന്നു വിട്ടുനിന്ന 2 സിൻഡിക്കറ്റ് അംഗങ്ങൾ ഉൾപ്പെടെ 15 പേരെയാണ് ഗവർണർ പുറത്താക്കിയത്. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് റജിസ്ട്രാർ കൈമാറിയിരുന്നു.
ഗവർണർ നിർദേശിച്ചിട്ടും സർവകലാശാല വിജ്ഞാപനം ഇറക്കാതിരുന്നതോടെ, കഴിഞ്ഞദിവസം രാജ്ഭവൻ തന്നെ ഇതുസംബന്ധിച്ച അസാധാരണ ഗസറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു. നിലവിലെ വിസി മഹാദേവൻ പിള്ള തിങ്കളാഴ്ച വിരമിക്കും. താൽക്കാലിക ചുമതല ലഭിക്കുന്ന വിസിയുടെ അധ്യക്ഷതയിലാവും അടുത്ത സെനറ്റ് യോഗം.