എംജി സർവകലാശാല കൈക്കൂലിക്കേസ്: എൽസിയെ പിരിച്ചു വിടാനുള്ള ശുപാർശയ്ക്ക് സിൻഡിക്കേറ്റിന്റെ അം​ഗീകാരം

Advertisement

കോട്ടയം: കൈക്കൂലി കേസിൽ സസ്പെൻഷനിൽ കഴിയുന്ന എംജി സർവകലാശാല പരീക്ഷാ ഭവനിലെ അസിസ്റ്റന്റ് സി.ജെ.എൽസിയെ സർവീസിൽ നിന്നു പിരിച്ചുവിടാനുള്ള അന്വേഷണ സമിതിയുടെ ശുപാർശ സിൻഡിക്കറ്റ് അംഗീകരിച്ചു. തുടർനടപടിക്ക് വിസിയെ ചുമതലപ്പെടുത്തി.

എംബിഎ പ്രൊവിഷനൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളും വേഗം കൈമാറുന്നതിന് തിരുവല്ല സ്വദേശിനിയായ വിദ്യാർഥിനിയുടെ കയ്യിൽ നിന്നു പലതവണയായി എൽസി 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണു കേസ്. 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജനുവരി 29നാണ് ഇവരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

വിജിലൻസ്, എംജിയിലെ നാലംഗ സിൻഡിക്കറ്റ് കമ്മിഷൻ, റജിസ്ട്രാർ, അസിസ്റ്റന്റ് റജിസ്ട്രാർ എന്നിവരാണു സംഭവത്തിൽ അന്വേഷണം നടത്തിയത്. വിജിലൻസ് റിപ്പോർട്ട് രണ്ടു മാസത്തിനകം കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് അസിസ്റ്റന്റ് റജിസ്ട്രാറുടെ നേതൃത്വത്തിൽ വകുപ്പുതല ആഭ്യന്തര അന്വേഷണം നടത്തി സിൻഡിക്കറ്റ് കമ്മിഷൻ റിപ്പോർട്ട് വിസിക്കു നൽകിയത്. ഈ റിപ്പോർട്ടാണു സിൻഡിക്കറ്റ് യോഗം ചർച്ച ചെയ്തത്.

എംജി സർവകലാശാലയിലെ ഇടത് യൂണിയനായ എംജി സർവകലാശാല എംപ്ളോയീസ് അസോസിയേഷനിൽ അംഗമായിരുന്ന കൈക്കൂലി കേസിൽ പിടിയിലായതിനെത്തുടർന്ന് സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു. സംഭവത്തിൽ സർക്കാരും സർവകലാശാലയും സമഗ്രമായ അന്വേഷണം വേണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.

തിരുവല്ല സ്വദേശിനിയായ വിദ്യാർഥിനിയുടെ പരാതിയെ തുടർന്നായിരുന്നു എൽസിയെ കുടുക്കി കോട്ടയം വിജിലൻസിന്റെ നിർണായക നീക്കമുണ്ടായത്. എംബിഎ വിദ്യാർഥിനിയുടെ മാർക്ക് ലിസ്റ്റും പ്രൊവിഷനൽ സർട്ടിഫിക്കറ്റും കൈമാറാനാണ് സെക്‌ഷൻ അസിസ്റ്റന്റായ എൽസി ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഈ രേഖകൾക്കായി 2021 ഒക്ടോബർ മുതൽ വിദ്യാർഥിനി സെക്‌ഷനിൽ കയറി ഇറങ്ങിയെങ്കിലും നടപടിയുണ്ടായില്ല. ജോലിയിൽ പ്രവേശിക്കാൻ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞായിരുന്നു ജീവനക്കാരിയുടെ ചൂഷണം. ഒക്ടോബറിൽ പതിനായിരം രൂപ വാങ്ങിയ എൽസി നവംബർ 26ന് ഒരു ലക്ഷം രൂപ അക്കൗണ്ട് വഴിയും കൈപ്പറ്റി. ജനുവരിയിൽ ആദ്യ ആഴ്ചയിൽ മറ്റൊരു പതിനായിരം രൂപയും കൈപ്പറ്റി.

തുടർന്ന് സർട്ടിഫിക്കറ്റ് ലഭിക്കാൻ അൻപതിനായിരം രൂപ കൂടി നൽകണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് വിദ്യാർഥിനി കോട്ടയം വിജലൻസ് എസ്പി വി.ജി വിനോദ്കുമാറിനെ സമീപിച്ചത്. അൻപതിനായിരം നൽകാനാകില്ലെന്ന് വിദ്യാർഥിനി അറിയിച്ചതോടെ മുപ്പതിനായിരമാക്കി കുറച്ചു. ഉടൻ തന്നെ പണം കൈമാറാനായിരുന്നു നിർദേശം. സർവകലാശാല ആസ്ഥാനത്തുവെച്ച് വിദ്യാർഥിനി നൽകിയ പതിനയ്യായിരം രൂപ എൽസി കൈപ്പറ്റിയതിന് പിന്നാലെ വിജിലൻസ് വളഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ കൈക്കൂലി വാങ്ങിയെന്ന് വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കൈക്കൂലി കേസിൽ അറസ്റ്റിലായ സി.ജെ.എൽസി, പത്താം ക്ലാസ് പാസാകാതെ പ്യൂൺ തസ്തികയിൽ ജോലി ചെയ്ത ശേഷം അസിസ്റ്റന്റ് തസ്തികയിൽ എത്തിയത് ഏഴു വർഷത്തിനുള്ളിലായിരുന്നു. പരീക്ഷ പോലും നടത്താതെ അഭിമുഖത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് സിപിഎം അനുഭാവിയും ഇടതു സംഘടനാ പ്രവർത്തകയുമായ എൽസിയെ അന്ന് സ്ഥിരപ്പെടുത്തിയത്.

പത്താം ക്ലാസ് പാസാകാത്ത എൽസി സർവകലാശാലയിൽ താൽക്കാലിക ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായി ജോലി ചെയ്തിരുന്നു. 2009ൽ എൽഡിഎഫ് ഭരണത്തിൽ സിപിഎം നിയന്ത്രണത്തിലുള്ള സിൻഡിക്കറ്റ്, എൽസി ഉൾപ്പെടെ 150 പേർക്ക് സ്ഥിരം പ്യൂൺ നിയമനം നൽകി. പിന്നീട് പ്യൂൺ തസ്തികയുടെ പേര് ഓഫിസ് അസിസ്റ്റന്റ് എന്നാക്കി. ഡോ.ജാൻസി ജയിംസ് വൈസ് ചാൻസലറായ കാലത്ത് സ്ഥിരം നിയമനത്തിനു വിജ്ഞാപനം നടത്തിയിരുന്നു. ഏഴാം ക്ലാസാണ് അന്ന് അടിസ്ഥാന യോഗ്യത നിശ്ചയിച്ചത്.

പിന്നീട് വന്ന എൽഡിഎഫ് സിൻഡിക്കറ്റ് ഈ വിജ്ഞാപനം റദ്ദാക്കി. പുതിയ വിജ്ഞാപനത്തിൽ പത്താംക്ലാസ് പാസായവർ അപേക്ഷിക്കരുതെന്ന് നിബന്ധന വച്ചു. നിയമനത്തിന് എഴുത്തുപരീക്ഷയ്ക്ക് പകരം ഇന്റർവ്യൂ മാത്രമാക്കി. ഇതോടെ പാർട്ടിക്ക് വേണ്ടപ്പെട്ടവർ മാത്രം അകത്തായി. 35ാം വയസ്സിൽ 2010ൽ സ്ഥിരം നിയമനം ലഭിച്ച എൽസി അടുത്ത വർഷം തുല്യതാ പരീക്ഷയിലൂടെ എസ്എസ്എൽസി പാസായി. തുടർന്ന് പ്ലസ് ടുവും പാസായി.

എംജി സർവകലാശാലയുടെ പ്രൈവറ്റ് റജിസ്‌ട്രേഷൻ വഴി ബിരുദം നേടി. ബിരുദമുള്ളവരും ലോ പെയ്ഡ് തസ്തികയിൽ നാല് വർഷം പൂർത്തിയാക്കിയവരുമായ പ്യൂൺമാരെ അസിസ്റ്റന്റായി നിയമിക്കാൻ സർവകലാശാലയിൽ വ്യവസ്ഥയുണ്ട്. അസിസ്റ്റന്റ് തസ്തികകളുടെ 4% ഇത്തരത്തിൽ നിയമനം നടത്താം. 714 അസിസ്റ്റന്റ് തസ്തികകളാണ് എംജിയിലുണ്ടായിരുന്നത്.

എൻട്രി കേഡറായ അസിസ്റ്റന്റ്, പ്രമോഷൻ തസ്തികകളായ സിലക്‌ഷൻ ഗ്രേഡ്, അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസർ എന്നീ മൂന്ന് വിഭാഗങ്ങളിലായി 238 തസ്തികകൾ വീതം. എംജിയിൽ അന്നുവരെ എൻട്രി കേഡറിന്റെ 4% പ്യൂൺ പ്രമോഷനു നീക്കിവച്ചിരുന്നു. ഒൻപത് തസ്തികകളാണ് ലോ പെയ്ഡ് പ്രമോഷന് നീക്കിവച്ചത്. എന്നാൽ, അക്കാലത്ത് കണ്ണൂർ സർവകലാശാലയിൽ ആകെ അസിസ്റ്റന്റ് തസ്തികകളുടെ നാല് ശതമാനം പ്യൂൺ പ്രമോഷൻ നൽകി. ഈ ഉത്തരവിന്റെ മറവിൽ എംജിയിലും പ്യൂൺ പ്രമോഷൻ വ്യവസ്ഥ തിരുത്തി. 714 തസ്തികകളുടെ നാല് ശതമാനം പ്യൂൺ പ്രമോഷനായി നീക്കിവച്ചു. അതോടെ പ്യൂൺ പ്രമോഷൻ തസ്തികകൾ 28 ആയി ഉയർന്നു. ഇതോടെ എൽസി അടക്കമുള്ളവർക്ക് പ്രമോഷനും ലഭിക്കുകയായിരുന്നു.

Advertisement